അമേരിക്കക്കാരനായ കൂലിപ്പട്ടാള പരിശീലകന്റെ അറസ്റ്റ്: ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലയുടെ സുരക്ഷയ്ക്ക് മുന്നറിയിപ്പ്

അമേരിക്കക്കാരനായ കൂലിപ്പട്ടാള പരിശീലകന്റെ അറസ്റ്റ്: ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലയുടെ സുരക്ഷയ്ക്ക് മുന്നറിയിപ്പ്


ന്യൂഡൽഹി: ഇന്ത്യയിൽ അറസ്റ്റിലായ അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ ചുറ്റിപ്പറ്റി പുറത്തുവരുന്ന വിവരങ്ങൾ രാജ്യസുരക്ഷാ രംഗത്ത് വലിയ ആശങ്കകൾ ഉയർത്തുകയാണ്. രാജ്യവിരുദ്ധ ഗൂഢാലോചന കേസിൽ പിടിയിലായ ഇയാൾ ഉൾപ്പെടെ ഏഴ് വിദേശികൾ ഇന്ത്യ വഴി അനധികൃതമായി മ്യാൻമാറിലേക്ക് കടന്ന് അവിടത്തെ തദ്ദേശീയ ആയുധസംഘങ്ങളെയും ഇന്ത്യയിലെ നിരോധിത സംഘടനകളെയും പരിശീലിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ഇന്ത്യയുടെ പ്രധാന ഭീകരവിരുദ്ധ ഏജൻസിയായ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ(എൻ ഐ എ) അന്വേഷണത്തിൽ, വാൻഡൈക്ക് നിരവധി അന്താരാഷ്ട്ര സംഘർഷങ്ങളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇറാഖ് ഉൾപ്പെടെയുള്ള യുദ്ധമേഖലകളിൽ പ്രവർത്തിച്ച അനുഭവമുള്ള ഇയാൾ ഗൊറില്ല യുദ്ധരീതികൾ, ഡ്രോൺ ഉപയോഗം, തന്ത്രപ്രധാന സൈനിക ഓപ്പറേഷനുകൾ എന്നിവയിൽ പരിശീലനം നൽകിയിരുന്നുവെന്നാണ് വിവരം.

സ്വയം സുരക്ഷാ വിശകലന വിദഗ്ധൻ, ഡോക്യുമെന്ററി നിർമ്മാതാവ്, യുദ്ധ റിപ്പോർട്ടർ എന്നിങ്ങനെ പരിചയപ്പെടുത്തിയിരുന്നെങ്കിലും, യഥാർത്ഥത്തിൽ 'കൂലി പട്ടാള പരിശീലകൻ' എന്ന നിലയിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

ലിബിയയിലെ ആഭ്യന്തര യുദ്ധകാലത്ത് വിപ്ലവകാരികളോടൊപ്പം ചേർന്ന് പോരാടിയതോടെയാണ് വാൻഡൈക്ക് ശ്രദ്ധേയനായത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആയുധസംഘങ്ങൾക്ക് പരിശീലനം നൽകുന്നതിനായി 'സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ' എന്ന സംഘടനയും സ്ഥാപിച്ചു.

അന്വേഷണത്തിൽ ലഭിച്ച രേഖകൾ പ്രകാരം, ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കലാപങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാടുകളും ഇയാൾ സ്വീകരിച്ചിരുന്നതായി കണ്ടെത്തി. വെനിസ്വേല, മ്യാൻമാർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷങ്ങളിൽ പങ്കെടുക്കാൻ കൂലിപട്ടാളക്കാരെ ആഹ്വാനം ചെയ്തതായും സൂചനയുണ്ട്.

വടക്കുകിഴക്കൻ മേഖലയിലെ ആയുധ ശൃംഖലകളുമായി ബന്ധമുണ്ടെന്ന സംശയമാണ് കേസിനെ കൂടുതൽ ഗൗരവതരമാക്കുന്നത്. ഇന്ത്യയെ ട്രാൻസിറ്റ് വഴിയായി ഉപയോഗിച്ചോയെന്നതും, നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്നതും, ചാരപ്രവർത്തന ഘടകങ്ങളുണ്ടോയെന്നതും ഉൾപ്പെടെ വിവിധ ദിശകളിൽ അന്വേഷണം പുരോഗമിക്കുന്നു.

ഇതിനിടെ, വാൻഡൈക്കിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്നതടക്കമുള്ള മൂന്ന് പ്രധാന സാധ്യതകളാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും അന്താരാഷ്ട്ര ബന്ധങ്ങളും ബാധിക്കാവുന്ന പ്രധാന കേസായാണ് ഇത് വിലയിരുത്തപ്പെടുന്നത്.