ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയുന്നതിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജൂലൈ 16നാണ് വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി അടിയന്തരമായി കേള്‍ക്കുന്നത്.
ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് മതിയായ സമയം ലഭിച്ചേക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
നിയമപ്രകാരം ഇരയുടെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയാറായാല്‍, കുറ്റം ചുമത്തപ്പെട്ടയാളെ വിട്ടയക്കണം. ഈ സാധ്യതകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിമിഷ പ്രിയയെ രക്ഷിക്കാന്‍ ആവശ്യമായ നയതന്ത്ര ഇടപെടലുകള്‍ നടത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാന്‍ വേണ്ടത്ര നയതന്ത്ര ഇടപെടലുകള്‍ ഇല്ലാത്തത് ഭരണഘടനാ ലംഘനം മാത്രമല്ല ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കല്‍ കൂടിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിമിഷ പ്രിയയെ രക്ഷിക്കുന്നതിനായി മോചനദ്രവ്യത്തിന്റെ അളവ് വര്‍ധിപ്പിക്കണമെങ്കില്‍ അതിനും കുടുംബം തയാറാണ്. നിലവില്‍ യെമനിലുള്ള നിമിഷ പ്രിയയുടെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ സുഗമമാക്കാന്‍ ഗൗരവമേറിയ നയതന്ത്ര ഇടപെടലുകള്‍ വേണമെന്നും ഹര്‍ജി ചൂണ്ടിക്കാട്ടി.
2017ല്‍ തലാല്‍ അബ്ദു മഹ്ദി എന്ന യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്. മഹ്ദിയുടെ കൈവശമുണ്ടായിരുന്ന നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് തിരികെ എടുക്കാനായി ഇയാളില്‍ മയക്കുമരുന്ന് കുത്തിവച്ചുവെന്നും തുടര്‍ന്ന് ഇയാള്‍ മരിക്കുകയായിരുന്നുവെന്നുമാണ് കേസ്.