ബെംഗളുരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിത്തം; അടിയന്തര ലാന്‍ഡിംഗ് നടത്തി

ബെംഗളുരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിത്തം; അടിയന്തര ലാന്‍ഡിംഗ് നടത്തി


ബെംഗളുരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഒരു എഞ്ചിനില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.

ലാന്‍ഡിംഗിന് ശേഷം 179 യാത്രക്കാരെയും ആറ് ജീവനക്കാരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയതായി ബെംഗളൂരു എയര്‍പോര്‍ട്ട് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

IX 1132 എന്ന വിമാനം രാത്രി 11.12 ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷം വലത് ഭാഗത്തെ എഞ്ചിനില്‍ തീപിടിത്തം കണ്ട ഓണ്‍ബോര്‍ഡ് ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ (എടിസി) വിവരമറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിംഗ് പ്രഖ്യാപിക്കുകയും തീ അണക്കുകയുമായിരുന്നു.

'ടേക്ക് ഓഫിനു ശേഷം വലത് എഞ്ചിനില്‍ നിന്ന് തീപിടുത്തം ഉണ്ടായതായി സംശയിച്ചതിനാല്‍ ബെംഗളൂരു-കൊച്ചി വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയും ബംഗളൂരുവില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. ഗ്രൗണ്ട് സര്‍വീസുകള്‍ മുന്‍കരുതല്‍ സ്വീകരിക്കുകയും ഉടന്‍ തന്നെ തീ അണച്ച് യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ജീവനക്കാര്‍ പരിക്കുകളൊന്നും കൂടാതെ ഒഴിപ്പിക്കല്‍ നടത്തി. ഏതെങ്കിലും അതിഥികള്‍ക്ക് ഇത് ഉണ്ടാക്കിയ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങളുടെ അതിഥികള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിച്ചേരാനുള്ള ബദല്‍ ക്രമീകരണങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.' എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

''കാരണം വ്യക്തമാക്കാന്‍ റെഗുലേറ്ററുമായി സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം 137 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോയ മറ്റൊരു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.