'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'; പ്രധാനമന്ത്രി ഭരണഘടനയെ തകർക്കുന്ന സൂത്രധാരനെന്ന് രാഹുൽ ഗാന്ധി

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'; പ്രധാനമന്ത്രി ഭരണഘടനയെ തകർക്കുന്ന സൂത്രധാരനെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇപ്പോൾ പറയില്ലെന്നും അത് സർപ്രൈസായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടുമെന്ന സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല. ഒരേയൊരു സമരമേയുള്ളൂ. ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളു. ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക. രാജ്യത്ത് ജനാധിപത്യം തകർക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് വ്യവസ്ഥ തകർക്കപ്പെട്ടിരിക്കുന്നു. ഭരണഘടന കീറി എറിയപ്പെട്ടിരിക്കുന്നു. രാജ്യത്ത് യഥാർഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ ഒന്നിച്ച് പോരാടുകയാണ്. അടുത്ത സമരം എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയില്ല. അത് സർപ്രൈസായിരിക്കും’- രാഹുൽ ഗാന്ധി പറ‍ഞ്ഞു.

രാഹുൽ ഗാന്ധിയുടെ വീട്ടിൽ നടന്ന ചായസത്കാരത്തിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാവ് തേജ്വസി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി (എസ്‍സിപി) എംപി സുപ്രിയ സുലെ, സമാജ് വാദി പാർട്ടി എംപി ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

"സമാന്തരമായ മറ്റൊരു പ്രതിഷേധവുമില്ല. ഒരൊറ്റ പ്രതിഷേധമേയുള്ളൂ. ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതാണ് ആ പ്രതിഷേധത്തിൻ്റെ ലക്ഷ്യം. ജനാധിപത്യം തകർക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ തകർക്കപ്പെട്ടു, ഭരണഘടന കീറിയെറിയപ്പെട്ടു. ഈ രാജ്യത്ത് ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാൻ ഞങ്ങൾ ഒന്നിച്ച് പോരാടുകയാണ്," രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിനുള്ള സമരവേദിയായി ജന്തർ മന്തർ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ നാല് ദിവസമായി ഇന്ത്യ സഖ്യം നടപ്പിലാക്കിയ വിവിധ പരിപാടികളുടെ വൻ വിജയം ജനങ്ങൾ കണ്ടതാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ നേതാക്കളും വലിയ ഗൗരവത്തോടും സമർപ്പണ മനോഭാവത്തോടും കൂടിയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചതും അഭിസംബോധന ചെയ്തതും. ഇത്രയധികം ആളുകൾ തനിയെ മുന്നോട്ടുവന്ന് പങ്കാളികളാകുന്നത് അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഡൽഹിയിൽ യുവാക്കളും സാധാരണക്കാരായ പൗരന്മാരും പൂർണമായും സ്വന്തം മുൻകൈയിൽ ഒത്തുചേരുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ഭരണഘടനയെ തകർക്കുന്നതിൻ്റെ പ്രധാന സൂത്രധാരൻ' പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അത് നടപ്പിലാക്കിയയാൾ ആഭ്യന്തരമന്ത്രി അമിത് ഷായും പിന്നെ ഗ്യാനേഷ്‌ കുമാറുമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇവർക്കെതിരായ കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയെ തകർത്തിട്ട് അതിൽനിന്ന് എളുപ്പത്തിൽ രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനാധിപത്യത്തെ ചവിട്ടിമെതിക്കാനാണ് ഗ്യാനേഷ് കുമാർ ശ്രമിച്ചതെന്നും ഇത് ബിജെപി, നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ വ്യക്തമായ ഗൂഢാലോചനയാണെന്നും ആർജെഡി നേതാവ് തേജ്വസി യാദവ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തിൽ തങ്ങൾ ഒന്നിച്ചുനിൽക്കുകയാണെന്നും ഇതിനായി എന്തൊക്കെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നാലും അത് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം കൈപ്പിടിയിലൊതുക്കാൻ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് തേജ്വസി ചൂണ്ടിക്കാട്ടി. എന്നാൽ, ഇലക്ഷൻ കമ്മീഷനും പ്രത്യേകിച്ച് ഗ്യാനേഷ് കുമാറും അതിനേക്കാൾ പത്തടി മുന്നോട്ട് പോയി. വെറുമൊരു പാവയെപ്പോലെ പ്രവർത്തിച്ച ഗ്യാനേഷ് കുമാറിന് തീർച്ചയായും ശിക്ഷ ലഭിക്കുമെന്നും ഇത്തരക്കാർക്ക് രക്ഷപ്പെടാൻ ആകില്ലെന്നും തേജസ്വി അഭിപ്രായപ്പെട്ടു.

പരമ്പരാഗതമായി പ്രതിഷേധങ്ങൾ നടന്നിരുന്ന ചരിത്ര പ്രാധാന്യമുള്ള ജന്തർ മന്തറിൽ നിന്ന് സമരവേദി ഡൽഹിയുടെ അതിർത്തികളിലേക്ക് മാറ്റിയ നീക്കം ഭരണാധികാരികളുടെ ഭയമാണ് വെളിപ്പെടുത്തുന്നതെന്ന് നേതാക്കൾ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. ജന്തർ മന്തർ തിരികെ പിടിക്കാനായി സമരം നടത്തുമെന്നും നേതാക്കൾ പ്രതികരിച്ചു.