ബാർഗി ഡാം ബോട്ട് ദുരന്തം: അമ്മ കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ച ദുഃഖചിത്രം വ്യാജമെന്ന് കലക്ടർ

ബാർഗി ഡാം ബോട്ട് ദുരന്തം: അമ്മ കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ച ദുഃഖചിത്രം വ്യാജമെന്ന് കലക്ടർ


ജബൽപൂർ :  മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ ബാർഗി ഡാമിൽ നടന്ന ബോട്ട് ദുരന്തത്തെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഹൃദയഭേദക ചിത്രം വ്യാജമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അമ്മയും നാലുവയസ്സുകാരനായ മകനും ഒരുമിച്ച് ചേർന്ന് മരിച്ചെന്ന അവകാശവാദത്തോടെയാണ് ചിത്രം പ്രചരിച്ചത്.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ് എന്നിവയിൽ വൻതോതിൽ ഷെയർ ചെയ്യപ്പെട്ട ഈ ചിത്രം ദുരന്തത്തിന്റെ വികാരഭരിത പ്രതീകമായി മാറിയിരുന്നു. എന്നാൽ, ജബൽപൂർ കലക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ട അറിയിപ്പിൽ, ചിത്രത്തിന് ബാർഗി ബോട്ട് അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്നും, അല്ലെങ്കിൽ മറ്റേതെങ്കിലും സംഭവത്തിൽ നിന്നെടുത്തതാകാമെന്നും അധികൃതർ സൂചിപ്പിച്ചു.

അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. 28 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ ഇപ്പോഴും കാണാതായിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഏപ്രിൽ 30 വൈകിട്ട് ഏകദേശം 6.15ഓടെയാണ് സംഭവം. നർമദാ നദിയിലെ ബാർഗി ഡാം ജലാശയത്തിൽ വിനോദയാത്രയ്ക്ക് പോയ ഏകദേശം 40 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ക്രൂയിസ് ബോട്ട് ഖമാരിയ ദ്വീപിനടുത്ത് മറിഞ്ഞ് മുങ്ങുകയായിരുന്നു. ശക്തമായ കാറ്റും മഴയും കാരണം ജലാശയം അപ്രതീക്ഷിതമായി അതീവ അപകടകരമായി മാറിയതാണെന്നാണ് പ്രാഥമിക നിഗമനം.

ദുരന്തത്തിൽ അലംഭാവമുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മോശം കാലാവസ്ഥയുണ്ടായിട്ടും യാത്ര തുടരാൻ അധികൃതർ അനുമതി നൽകിയതും, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതും അപകടത്തിന് കാരണമായെന്നാണു ബന്ധുക്കളുടെ ആരോപണം. ലൈഫ് ജാക്കറ്റുകൾ സമയത്ത് നൽകിയില്ലെന്ന പരാതിയും ഉണ്ട്.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.