ന്യൂയോര്‍ക്ക്: അമേരിക്കന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര ഗതാഗത കമ്പനി ഊബര്‍ ടെക്നോളജീസ് ഇന്ത്യന്‍ വംശജനായ എക്സിക്യൂട്ടീവ് ബാലാജി കൃഷ്ണമൂര്‍ത്തിയെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (സി എഫ് ഒ) നിയമിച്ചു. ഫെബ്രുവരി 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും.
നിലവിലെ സി എഫ് ഒ പ്രശാന്ത് മഹേന്ദ്ര രാജ ഫെബ്രുവരി 16ന് പദവിയില്‍ നിന്ന് ഒഴിയുന്നതോടെയാണ് പുതിയ നിയമനം. ജൂലൈ 1 വരെ സി ഇ ഒ ദാര ഖോസ്രോശാഹിക്കു റിപ്പോര്‍ട്ട് ചെയ്യുന്ന സീനിയര്‍ ഫിനാന്‍സ് അഡൈ്വസറായി അദ്ദേഹം കമ്പനിയില്‍ തുടരും.
41 വയസ്സുകാരനായ ബാലാജി കൃഷ്ണമൂര്‍ത്തി നിലവില്‍ ഊബറിന്റെ സ്ട്രാറ്റജിക് ഫിനാന്‍സ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ്. മുന്‍പ് അദ്ദേഹം ഊബറിന്റെ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് വിഭാഗത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ലാണ് അദ്ദേഹം ഊബറില്‍ ചേര്‍ന്നത്. തുടര്‍ന്ന് മൊബിലിറ്റി, ഡെലിവറി ബിസിനസ് വിഭാഗങ്ങളിലുടനീളം വിവിധ ഫിനാന്‍സ് നേതൃത്വ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഊബറില്‍ ചേരുന്നതിന് മുമ്പ് ബാലാജി കൃഷ്ണമൂര്‍ത്തി എട്ട് വര്‍ഷത്തിലധികം ഗോള്‍ഡ്മാന്‍ സാക്സില്‍ യു എസ് ഹാര്ഡ്വെയര്, കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി മേഖലകളിലെ ഇക്വിറ്റി റിസര്‍ച്ച് വിഭാഗത്തില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ ഐറെവ്ന, ഐട്രസ്റ്റ് ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സ് എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വാബി എന്ന കമ്പനിയുടെ ബോര്‍ഡ് അംഗവുമാണ്.
ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം ബി എ നേടിയ അദ്ദേഹം കോപ്പന്‍ഹേഗന്‍ ബിസിനസ് സ്കൂളില്‍ എക്സ്ചേഞ്ച് പ്രോഗ്രാമും പൂര്‍ത്തിയാക്കി. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും നേടിയിട്ടുണ്ട്.
