ലഡാക്കിലെ ഏഴ് ജില്ലകളിലും സ്വയംഭരണ ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍; വികേന്ദ്രീകൃത ഭരണത്തിന് വഴിതുറന്ന് പുതിയ തീരുമാനം

ലഡാക്കിലെ ഏഴ് ജില്ലകളിലും സ്വയംഭരണ ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍; വികേന്ദ്രീകൃത ഭരണത്തിന് വഴിതുറന്ന് പുതിയ തീരുമാനം


ലെ: ലഡാക്കിലെ ഏഴ് ജില്ലകളിലും സ്വയംഭരണ ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ഭരണകൂടം പ്രഖ്യാപിച്ചു. ജനാധിപത്യ വികേന്ദ്രീകരണത്തിനും തദ്ദേശഭരണ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന നടപടിയാണിതെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര പറഞ്ഞു.

തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ലഡാക്കിലെ ഓരോ ജില്ലയിലും സ്വയംഭരണ ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ രൂപീകരിക്കുമെന്നും ഇത് പ്രാദേശിക ഭരണത്തിന് കൂടുതല്‍ അധികാരവും സ്വയംഭരണവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എല്‍ എ എച്ച് ഡി സി) നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഓരോ ജില്ലയിലും കൗണ്‍സില്‍ രൂപീകരിക്കാന്‍ നേരത്തേ തന്നെ വ്യവസ്ഥയുണ്ട്. ഇതിനായി നിയമഭേദഗതിയും മണ്ഡല പുനര്‍നിര്‍ണയവും (ഡീലിമിറ്റേഷന്‍) പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഭരണകൂടം അറിയിച്ചു.

2026 ഏപ്രിലില്‍ ലഡാക്കിലെ ജില്ലകളുടെ എണ്ണം രണ്ടില്‍ നിന്ന് ഏഴായി ഉയര്‍ത്തിയിരുന്നു. ഷാം, നുബ്ര, ചാങ്താങ്, സന്‍സ്‌കര്‍, ഡ്രാസ് എന്നീ അഞ്ച് പുതിയ ജില്ലകള്‍ അന്ന് രൂപീകരിക്കപ്പെട്ടു. ഇതുവരെ ലെ, കാര്‍ഗില്‍ ജില്ലകള്‍ക്കു മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ട ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലുകള്‍ ഉണ്ടായിരുന്നത്.

പുതിയ തീരുമാനത്തോടെ ഏഴ് ജില്ലകളിലെയും കൗണ്‍സിലുകള്‍ക്ക് എല്‍ എ എച്ച് ഡി സി നിയമം അനുശാസിക്കുന്ന സമ്പൂര്‍ണ അധികാരങ്ങള്‍ ലഭിക്കും. 1995 മുതല്‍ ലെയ്ക്കും 2003 മുതല്‍ കാര്‍ഗിലിനും ലഭിച്ചിരുന്ന അതേ അധികാരങ്ങളാണ് പുതിയ അഞ്ച് ജില്ലകളിലെ കൗണ്‍സിലുകള്‍ക്കും ലഭിക്കുക. വികസന പദ്ധതികള്‍, പ്രാദേശിക ഭരണനിര്‍വഹണം, അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങള്‍ എന്നിവയില്‍ ഈ കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ലഭിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.