ശിരോമണി അകാലിദള്‍ അധ്യക്ഷനും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേഡില്‍ വച്ചുണ്ടായ ആക്രമണത്തിൽ സുഖ്ബീർ സിംഗ് ബാദലിന്റെ കൈയ്ക്കും തോളിനും പരിക്കേറ്റു. വ്യാഴാഴ്ച നന്ദേഡിലെ ഗുരുദ്വാര മാതാ സാഹിബില്‍വച്ചാണ് ഒരു സംഘം നിഹാംഗുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്. സംഭവസമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും ലോക്‌സഭാ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലും ഒപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ബാദലും കുടുംബവും തഖ്ത് ശ്രീ ഹസൂര്‍ സാഹിബ് സന്ദര്‍ശിച്ചത്. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് നാലംഗ നിഹാംഗ് സംഘം അദ്ദേഹത്തെ ലക്ഷ്യമിട്ടെത്തിയത്. ഇതിലൊരാള്‍ കൃപാൺ അടക്കമുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി ഇടപെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവാക്കാനായി. ഗുരുദ്വാരയില്‍ നിന്ന് ലഭിച്ച ‘സിറോപ്പ’ (ആദരസൂചകമായി നല്‍കുന്ന വസ്ത്രം) ധരിച്ച് ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് നടന്നുപോകുന്ന ബാദലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയ നിഹാംഗുകളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുഖ്ബീര്‍ സിംഗ് ബാദലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ശിരോമണി അകാലിദള്‍ വക്താവ് അര്‍ഷ്ദീപ് സിംഗ് കലെര്‍ അറിയിച്ചു. ‘നന്ദേഡില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവേയാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ കൈയില്‍ നിസ്സാര പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ അക്രമിയെ തടഞ്ഞു. മഹാരാഷ്ട്ര പോലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍, സിഖ് പന്തിക് നേതാക്കള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ചില ആന്റി-പന്തിക് ശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു,’ കലെര്‍ ആരോപിച്ചു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനാണ് സുഖ്ബീർ സിംഗ് ബാദൽ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ ആക്രമണമുണ്ടായത്. 2024 ഡിസംബര്‍ 4-ന് അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ വച്ച് മുന്‍ തീവ്രവാദി നാരായണ്‍ സിംഗ് ചൗര ബാദലിന് നേരെ വെടിയുതിര്‍ത്തിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. സുരക്ഷാ ജീവനക്കാരും ജനങ്ങളും ചേര്‍ന്ന് അന്ന് അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. 2007 മുതൽ 2017 വരെ പഞ്ചാബിൽ അകാലിദൾ ഭരണകാലത്ത് നടന്ന "തെറ്റുകൾ"ക്ക് അകൽ തഖ്ത് 'തൻഖ' എന്ന മതപരമായ ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു അത്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കേ പ്രമുഖ നേതാവിന് നേരെയുണ്ടായ ആക്രമണം പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഏറെക്കാലം പഞ്ചാബ് ഭരിച്ചിരുന്ന ശിരോമണി അകാലിദളിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ആം ആദ്മി പാർട്ടിയെ നിലത്തിറക്കാനുള്ള പടപൊരുതലിലാണ് ബിജെപിയും എസ്എഡിയും അടക്കമുള്ള എൻഡിഎ സഖ്യം.
ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണം ഏതെങ്കിലും രാഷ്ട്രീയ പ്രേരിതമെന്ന് പറയാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കാരണം ആക്രമണം നടത്തിയിരിക്കുന്നത് നിഹാംഗുകളാണ്. അവർ ഏതെങ്കിലും രാഷ്ട്രീയ കാരണങ്ങൾക്ക് വേണ്ടി ആക്രമണം നടത്താറില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. ഭയമില്ലാത്ത പോരാളികൾ എന്നർത്ഥമുള്ള നിഹാംഗുകൾ ആദ്യകാലത്ത് സിഖ് വിഭാഗത്തിലെ സൈനികരായും സിഖ് സാമ്രാജ്യത്തിലെ സായുധ സേനയായ സിഖ് ഖൽസ സൈന്യത്തില്‍ സ്വന്തമായി ഗറില്ലാ വിഭാഗങ്ങള്‍ അടക്കം ഉണ്ടായിരുന്നവരുമാണ്.
കർഷകർ ഡൽഹിയിൽ നടത്തിയ പ്രക്ഷോഭത്തിൽ നിഹാംഗുകളുടെ സാന്നിദ്ധ്യം അന്ന് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. സിഖ് കർഷകരുടെ സംരക്ഷണം സ്വയം ഏറ്റെടുത്ത് നിഹാംഗുകൾ തങ്ങളുടെ വാഹനമായ കുതിരകൾക്കൊപ്പമാണ് ഡൽഹി അതിർത്തിയിൽ കോട്ടകെട്ടിയത്. ഇവരുടെ വരവോടെ കർഷക സമരം അടിച്ചമർത്താൻ ശ്രമിച്ച ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കി. ഈ സമരത്തിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ അടുത്തിടെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിലും നിഹാംഗുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി നിഹാംഗുകാർ പോലീസിനെ ആക്രമിച്ചെന്ന് ബിജെപി ആരോപണമുയർത്തിയെങ്കിലും അത് വേണ്ടരീതിയിൽ വിലപ്പോയില്ല.
സാധാരണ ഗതിയിൽ പോലും കൃപാൺ അടക്കമുള്ള ആയുധങ്ങളുമായാണ് നിഹാംഗുകൾ നടക്കാറുള്ളതെങ്കിലും ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമേ അത് ഉപയോഗിക്കാറുള്ളൂയെന്ന് അവർ തന്നെ പറയാറുണ്ട്. എന്നിരുന്നാലും അത് ഉറയിൽ നിന്നൂരിയാൽ ചോര കാണാതെ തിരികെ വയ്ക്കാറില്ലെന്നുമുണ്ട്. ഇപ്പോൾ സുഖ്ബീർ സിംഗ് ബാദലിന് നേരെയുണ്ടായ ആക്രമണം നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതുവരെ കൂട്ടിക്കുഴച്ചിട്ടില്ലെങ്കിലും സിഖ് വിഭാഗത്തിലെ ഭിന്നതകളാണ് സംഭവത്തിന് പിന്നിലെന്നും ഇത് വരുന്ന തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അകാലിദൾ അദ്ധ്യക്ഷന് നേരെ ആക്രമണം; പിന്നിൽ നിഹാംഗുകൾ, നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കലങ്ങുമോ പഞ്ചാബ് രാഷ്ട്രീയം?
