മഥുര: കനത്ത മൂടല്‍മഞ്ഞ് കാഴ്ചമറച്ചതിനെ തുടര്‍ന്ന് ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ്‌വെയില്‍ ഉണ്ടായ വന്‍ വാഹനാപകടത്തില്‍ കുറഞ്ഞത് നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചില വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ നാല് ബസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ തീ അണങ്ങാതെ വാഹനങ്ങളെ വിഴുങ്ങുന്നതും രക്ഷാപ്രവര്‍ത്തനം തുടരുന്നതുമാണ് കാണുന്നത്. അപകടസമയത്ത് യാത്രക്കാരെ നിറച്ച് ബസുകള്‍ ഓടിക്കൊണ്ടിരുന്നതായി ദൃക്‌സാക്ഷി പറഞ്ഞു. 'അപകടം സംഭവിച്ചപ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. ബസ് പൂര്‍ണമായും യാത്രക്കാരാല്‍ നിറഞ്ഞിരുന്നു. മൂന്ന് നാല് ബസുകള്‍ക്ക് തീപിടിച്ചു,' എന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമൂടല്‍ മൂലം ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
