ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്


അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ വൻ സ്‌ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന.

റാമോൾ-ഗത്രാഡ് റോഡിലുള്ള പടക്ക നിർമാണശാലയിലാണ് ശനിയാഴ്ച അപകടമുണ്ടായത്. ശക്തമായ സ്‌ഫോടനത്തെ തുടർന്ന് കെട്ടിടത്തിൽ തീ ആളിപ്പടരുകയും പ്രദേശമാകെ കനത്ത പുക നിറയുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപ പ്രദേശങ്ങളിൽ പരിഭ്രാന്തി പരന്നു.

വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചീഫ് ഫയർ ഓഫീസർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിലും തുടരുകയാണ്.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോയെന്നതും പരിശോധിക്കും.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനശോചനം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും പ്രാദേശിക ഭരണകൂടം നൽകിവരുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.