ഗോഹട്ടി: ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമായി ബഹുഭാര്യത്വം വ്യവസ്ഥ ചെയ്യുന്ന ബില്‍ അസം നിയമസഭ പാസാക്കി. ഇരയാകുന്ന സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് ഉത്തരാഖണ്ഡിന്റെ മാതൃകയില്‍ ഏക സിവില്‍ കോഡ് കൊണ്ടുവരുന്നതിമേ#റെ ആദ്യ പടിയാണ് 'അസം ബഹുഭാര്യത്വ നിരോധന ബില്‍-2025' എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് പാസാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു വിവാഹം ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവു നല്‍കാനാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. വിവാഹബന്ധം മറച്ചുവച്ചുകൊണ്ട് വീണ്ടും വിവാഹം ചെയ്താല്‍ 10 വര്‍ഷം തടവും പിഴയും ലഭിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണഘടനയുടെ ആറാം പട്ടികയ്ക്കു കീഴില്‍ പ്രത്യേക അവകാശങ്ങളുള്ള പട്ടിക വര്‍ഗ മേഖലയെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒരു വിവാഹബന്ധം നിലവിലിരിക്കെ രണ്ടാമതും വിവാഹം ചെയ്യുന്നതാണ് ബഹുഭാര്യത്വമെന്നു ബില്ലില്‍ നിര്‍വചിക്കുന്നു. ഇത്തരം കുറ്റം തുടര്‍ച്ചയായി ചെയ്യുന്നവര്‍ക്ക് ഓരോ ഘട്ടത്തിലും ശിക്ഷ ഇരട്ടിയാകും. ഇത്തരം വിവാഹം നടത്തിക്കൊടുക്കുന്ന ഗ്രാമത്തലവന്‍, ഖാസി, രക്ഷിതാക്കള്‍, നിയമപരമായ രക്ഷിതാവ് തുടങ്ങിയവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം.
സ്ത്രീകളുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നു ബില്‍ നിയമസഭയില്‍ വച്ച മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് നീതിയും അന്തസും നിയമപരമായ സുരക്ഷയും ഒരുക്കുന്നതില്‍ തന്റെ സര്‍ക്കാരിന് ദൃഢനിശ്ചയമുണ്ടെന്നു വ്യക്തമാക്കിയ ശര്‍മ ബില്‍ നാരീശക്തിയോട് അസമിന്റെ ഉറച്ച പ്രതിബദ്ധതയാണെന്നും കൂട്ടിച്ചേര്‍ത്തു.
