കുവൈത്ത്-പാകിസ്താന്‍ പ്രതിരോധ കരാര്‍ പ്രാബല്യത്തില്‍; ഗള്‍ഫില്‍ ഇസ്ലാമാബാദിന്റെ സൈനിക സാന്നിധ്യം ശക്തമാകുമ്പോള്‍ ഇന്ത്യയും ജാഗ്രതയില്‍

കുവൈത്ത്-പാകിസ്താന്‍ പ്രതിരോധ കരാര്‍ പ്രാബല്യത്തില്‍; ഗള്‍ഫില്‍ ഇസ്ലാമാബാദിന്റെ സൈനിക സാന്നിധ്യം ശക്തമാകുമ്പോള്‍ ഇന്ത്യയും ജാഗ്രതയില്‍


ന്യൂഡല്‍ഹി: കുവൈത്തും പാകിസ്താനും തമ്മില്‍ 2023 ജൂണില്‍ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറിന് (ഡിഫന്‍സ് കോഓപ്പറേഷന്‍ അഗ്രിമെന്റ്) കുവൈത്ത് ഔദ്യോഗിക അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തേക്ക് പ്രാബല്യത്തിലുള്ള കരാര്‍ നിയമപരമായി നിലവില്‍ വന്നതോടെ ഗള്‍ഫ് മേഖലയിലെ പാകിസ്താന്റെ സൈനിക സാന്നിധ്യം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ പാകിസ്താന്റെ വര്‍ധിച്ചുവരുന്ന പ്രതിരോധ സഹകരണം ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

2026ലെ അമിരി ഡിക്രി നമ്പര്‍ 73 പ്രകാരമാണ് കരാര്‍ അംഗീകരിച്ചത്. കുവൈത്തിന്റെ ഔദ്യോഗിക ഗസറ്റായ കുവൈത്ത് അല്‍യൗം വഴിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. 2025 സെപ്റ്റംബറില്‍ സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഒപ്പുവെച്ച തന്ത്രപ്രധാന പ്രതിരോധ കരാറിന് പിന്നാലെയാണ് കുവൈത്തും സമാനമായ പ്രതിരോധ സഹകരണത്തിന് ഔദ്യോഗിക രൂപം നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഗള്‍ഫ് രാജ്യങ്ങളുമായി സൈനിക ബന്ധം ശക്തിപ്പെടുത്താനുള്ള പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ കരാറിനെ വിലയിരുത്തുന്നത്.

കരാര്‍ പ്രകാരം കുവൈത്തും പാകിസ്താനും സംയുക്ത സൈനിക പരിശീലനം, പ്രൊഫഷണല്‍ സൈനിക വിദ്യാഭ്യാസം, രഹസ്യവിവര കൈമാറ്റം, ലോജിസ്റ്റിക്‌സ് പിന്തുണ, പ്രതിരോധ ഗവേഷണം, സൈനിക സാങ്കേതികവിദ്യ, ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങള്‍, സൈനിക വിദഗ്ധരുടെ പരസ്പര കൈമാറ്റം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരിക്കും. പ്രതിരോധ നിര്‍മാണത്തിലും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും സഹകരണം വ്യാപിപ്പിക്കാനും കരാര്‍ വഴി അവസരമൊരുങ്ങും.

സംയുക്ത സൈനികാഭ്യാസങ്ങള്‍, ഉദ്യോഗസ്ഥരുടെ സന്ദര്‍ശനങ്ങള്‍, വിവിധ പ്രതിരോധ സഹകരണ പദ്ധതികള്‍ എന്നിവ ഏകോപിപ്പിക്കാന്‍ പ്രത്യേക സംയുക്ത സൈനിക സമിതിയും രൂപീകരിക്കും. അഞ്ച് വര്‍ഷമാണ് കരാറിന്റെ കാലാവധി. ഇരു രാജ്യങ്ങളും പിന്‍മാറുന്നില്ലെങ്കില്‍ കരാര്‍ സ്വമേധയാ പുതുക്കപ്പെടും.

അതേസമയം, സൗദി അറേബ്യയുമായി പാകിസ്താന്‍ ഒപ്പുവെച്ച കരാറില്‍ നിന്ന് കുവൈത്തുമായുള്ള കരാര്‍ വ്യത്യസ്തമാണ്. ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ മറ്റേ രാജ്യം സൈനികമായി ഇടപെടണമെന്ന വ്യവസ്ഥ കുവൈത്ത് കരാറിലില്ല. അതിനാല്‍ ഇത് പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട് മാത്രമാണ്; സംയുക്ത പ്രതിരോധ സഖ്യമല്ല.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം, ഹൂതി ആക്രമണങ്ങള്‍, പശ്ചിമേഷ്യയിലെ സുരക്ഷാ അനിശ്ചിതത്വം, അമേരിക്കന്‍ സുരക്ഷാ സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയ സാഹചര്യങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളെ പുതിയ പ്രതിരോധ പങ്കാളിത്തങ്ങളിലേക്ക് നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അംഗരാജ്യങ്ങള്‍ പാകിസ്താനുള്‍പ്പെടെയുള്ള പ്രാദേശിക രാജ്യങ്ങളുമായുള്ള സൈനിക ബന്ധം വിപുലപ്പെടുത്തുകയാണ്.

പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇത്തരം കരാറുകള്‍ക്ക് മറ്റൊരു ലക്ഷ്യവുമുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച സൈനികര്‍, സൈനിക ഉപദേശക സേവനങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിന് പകരമായി സാമ്പത്തിക സഹായം, നിക്ഷേപം, ഊര്‍ജമേഖലയിലെ ആനുകൂല്യങ്ങള്‍, നയതന്ത്ര പിന്തുണ എന്നിവ നേടാനാണ് ഇസ്ലാമാബാദിന്റെ ശ്രമം. 1970കള്‍ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പാകിസ്താന്‍ സൈനിക ഉപദേശക സേവനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പുതിയ കരാറുകള്‍ ആ ബന്ധങ്ങള്‍ക്ക് ഔദ്യോഗിക രൂപം നല്‍കുകയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ അടിയന്തര സുരക്ഷാഭീഷണിയല്ലെങ്കിലും ശ്രദ്ധിക്കേണ്ട സംഭവവികാസമായാണ് വിലയിരുത്തപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം പ്രധാനമായും വ്യാപാരം, ഊര്‍ജ സഹകരണം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രവാസി ബന്ധങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മറുവശത്ത് പാകിസ്താന്റെ ബന്ധം പ്രതിരോധ സഹകരണത്തിലാണ് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഗള്‍ഫ് മേഖലയുമായി ഇന്ത്യക്ക് ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ വ്യാപാരബന്ധമുണ്ട്. കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ. ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ശക്തമായ തന്ത്രപ്രധാന പങ്കാളിത്തവുമുണ്ട്. അതിനാല്‍ ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണവും പാകിസ്താനുമായുള്ള പ്രതിരോധ സഹകരണവും രണ്ട് വ്യത്യസ്ത മേഖലകളായാണ് പല ഗള്‍ഫ് രാജ്യങ്ങളും കാണുന്നത്.

എന്നാല്‍ പാകിസ്താനുമായുള്ള സൈനിക സഹകരണം ഭാവിയില്‍ രഹസ്യാന്വേഷണ മേഖലയിലേക്കോ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന മേഖലകളിലേക്കോ വ്യാപിക്കുമോയെന്ന കാര്യത്തില്‍ ന്യൂഡല്‍ഹി ജാഗ്രത പുലര്‍ത്തും. അറബിക്കടല്‍, ഹോര്‍മുസ് കടലിടുക്ക്, ബാബ് അല്‍മന്ദേബ് എന്നിവിടങ്ങളിലെ സമുദ്ര സുരക്ഷാ സാഹചര്യം കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇന്ത്യ സാധ്യതയുണ്ട്.

കുവൈത്തില്‍ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരും ഗള്‍ഫ് രാജ്യങ്ങളിലാകെ 85 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുമുണ്ട്. അതിനാല്‍ ഗള്‍ഫ് മേഖലയിലെ ഏത് സുരക്ഷാ മാറ്റവും ഇന്ത്യയ്ക്ക് പ്രാധാന്യമുള്ളതാണ്.

ഇന്ത്യ-പാകിസ്താന്‍ ബന്ധം കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ കരാറുകളിലൂടെ പ്രാദേശിക ശക്തിയായി സ്വയം അവതരിപ്പിക്കാനാണ് പാകിസ്താന്റെ ശ്രമം. അതേസമയം, ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക സാന്നിധ്യവും ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങളും ന്യൂഡല്‍ഹിയുടെ സ്വാധീനം തുടരാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.