സോപോർ: വടക്കൻ കശ്മീരിലെ സോപോർ പട്ടണത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് അധ്യാപകനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ തുടർന്ന് വ്യാപകമായ വിദ്യാർത്ഥി പ്രതിഷേധം ഉയർന്നതോടൊപ്പം, പിന്നീട് കലാപശ്രമങ്ങളിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് നടപടിയും ശക്തമാക്കി.
ബന്ധപ്പെട്ട നിയമപ്രകാരം അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സോപോർ എസ്.എസ്.പി ഇഫ്തികർ താലിബ് വ്യക്തമാക്കി. 'ഗൗരവമേറിയ വിഷയമാണിത്. സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് അധ്യാപകനെ കശ്മീർ വിദ്യാഭ്യസ വകുപ്പ് ഡയറക്ടർ തൽക്ഷണം സസ്‌പെൻഡ് ചെയ്തു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് സംയുക്ത ഡയറക്ടർ (നോർത്ത്)നെ വകുപ്പു തല അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തു.
സംഭവത്തെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയും കർശന നടപടി ആവശ്യപ്പെട്ടും മുദ്രാവാക്യങ്ങൾ ഉയർത്തിയും സോപോർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
എന്നാൽ സമാധാനപരമായ പ്രതിഷേധത്തിലേക്ക് ചില അക്രമികൾ നുഴഞ്ഞു കയറിയതായി അധികൃതർ അറിയിച്ചു. ഇവർ പൊതു സ്വത്ത് നശിപ്പിക്കുകയും നിയമസംരക്ഷണ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഇതിനിടെ സോപോർ പൊലീസ് നടത്തിയ രാത്രി പരിശോധനകളിൽ കലാപത്തിൽ പങ്കെടുത്തതായി സംശയിക്കുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തു. 25 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
'സംഭവത്തിന്റെ മറവിൽ ചിലർ കലാപശ്രമം നടത്തിയെന്നും സ്‌കൂളുമായി ബന്ധമില്ലാത്ത ഇവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും കശ്മീർ ഐജി വി.കെ ബേർഡി വ്യക്തമാക്കി.
പ്രതിഷേധം സമാധാനപരമായി തുടരാൻ സഹകരിച്ച വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും നാട്ടുകാർക്കും പൊലീസ് നന്ദി അറിയിച്ചു. സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പീഡനക്കേസും കലാപസംഭവങ്ങളും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സോപോറിൽ അധ്യാപകനെതിരെ പീഡനാരോപണം: പ്രതിഷേധത്തിനിടെ കലാപശ്രമം, എട്ട് പേർ അറസ്റ്റിൽ
