വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നും യു എസിലേക്ക് കടത്തിക്കൊണ്ടുപോയ 657 പുരാവസ്തുക്കള്‍ തിരികെ നല്‍കി. ഏകദേശം 14 മില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് പുരാവസ്തുക്കള്‍.
ന്യൂയോര്‍ക്ക് മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് ചൊവ്വാഴ്ചയാണ് തിരിച്ചുനല്‍കല്‍ പ്രഖ്യാപിച്ചത്. കള്ളക്കടത്ത് ശൃംഖലകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലൂടെയാണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്. ഇതില്‍ വിവാദ കലാവ്യാപാരികളായ സുഭാഷ് കപൂര്‍, നാന്‍സി വിനര്‍ എന്നിവരുമായി ബന്ധമുള്ള ശൃംഖലകളും ഉള്‍പ്പെടുന്നു.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലെ പ്രതിനിധി രാജലക്ഷ്മി കദം പങ്കെടുത്ത ചടങ്ങിലാണ് വസ്തുക്കള്‍ ഔദ്യോഗികമായി കൈമാറിയത്.
മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ഓഫീസ്, യു എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്, മറ്റ് നിയമപ്രവര്‍ത്തന ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനയ പ്രധാന്‍ അഭിനന്ദിച്ചു.
തിരികെ നല്‍കിയവയില്‍ പ്രധാനപ്പെട്ടത് ഏകദേശം 2 മില്യണ്‍ ഡോളര്‍ വിലവരുന്ന 'അവലോകിതേശ്വര'യുടെ വെങ്കല പ്രതിമയാണ്. ചത്തീസ്ഗഢിലെ റായ്പൂരിന് സമീപമുള്ള സീപൂര്‍ സ്വദേശിയായ ദ്രോണാദിത്യയാണ് ശില്പി എന്ന് ശിലാലിഖിതത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 1939-ല്‍ ലക്ഷ്മണ ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ ഈ പ്രതിമ പിന്നീട് റായ്പൂരിലെ മഹന്ത് ഘാസിദാസ് മെമ്മോറിയല്‍ മ്യൂസിയത്തിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ നിന്ന് മോഷണം പോയ ശില്‍പം 1982ഓടെ അമേരിക്കയിലേക്ക് കടത്തുകയും 2014ല്‍ ന്യൂയോര്‍ക്കിലെ സ്വകാര്യ ശേഖരത്തില്‍ എത്തുകയുമായിരുന്നു. അവിടെ നിന്നാണ് 2025ല്‍ ഇത് പിടിച്ചെടുത്തത്.
മറ്റൊരു പ്രധാന വസ്തു നൃത്തം ചെയ്യുന്ന ഗണേശന്റെ പ്രതിമയാണ്. 2000ലാണ് മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇത് മോഷണം പോയത്. പിന്നീട് യു എസിലേക്ക് കടത്തിയ പ്രതിമ ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ലേലം വഴി സ്വകാര്യ ശേഖരത്തിെേലത്തുകയും ഈ വര്‍ഷം അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
ഇതിനൊപ്പം 'അഭയമുദ്ര'യില്‍ നില്‍ക്കുന്ന ബുദ്ധന്റെ ചുവപ്പ് പ്രതിമയും തിരിച്ചുനല്‍കിയവയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 7.5 മില്യണ്‍ ഡോളര്‍ വിലവരുന്ന ഈ പ്രതിമയും സുഭാഷ് കപൂറാണ് കടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ പുരാവസ്തു കള്ളക്കടത്ത് യൂണിറ്റ് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളുടെ അനധികൃത കയറ്റുമതി, വില്‍പ്പന എന്നിവയെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്.
ഇതിനകം 485 മില്യന്‍ ഡോളറിലധികം മൂല്യമുള്ള 6200-ലധികം സാംസ്‌കാരിക വസ്തുക്കള്‍ വീണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 5900-ലധികം വസ്തുക്കള്‍ 36 രാജ്യങ്ങളിലേക്ക് തിരികെ നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ 18 പേരെ ശിക്ഷിച്ചിട്ടുണ്ടെന്നും മറ്റു ചിലരുടെ കൈമാറ്റ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
