ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് ബിൽ അംഗീകരിച്ചത്.
ബുധനാഴ്ച ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. ഇതോടെ പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ബില്ലിന് ലഭിച്ചു. ഇനി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും.
നിലവിലുള്ള ചോദ്യപേപ്പർ ചോർച്ച വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കുന്നതാണ് ഭേദഗതി. രാജ്യത്ത് വിവിധ മത്സരപരീക്ഷകളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്ത ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും പശ്ചാത്തലമാക്കിയാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്.
സംഘടിത പരീക്ഷാ തട്ടിപ്പുകൾക്ക് ശക്തമായ തടയിടാനും പൊതുപരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുമാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വ്യാഴാഴ്ച രാജ്യസഭയിൽ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ബിൽ ചർച്ചയ്ക്കായി അവതരിപ്പിച്ചു. ചർച്ചയ്‌ക്കൊടുവിലാണ് ബിൽ ശബ്ദവോട്ടോടെ പാസാക്കിയത്.
അതേസമയം, ബിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷം സഭ വിട്ടിറങ്ങിയ നടപടിയെ കേന്ദ്രമന്ത്രി ജെ.പി. നദ്ദ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും രാജ്യത്തെ ജനങ്ങൾ അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെ ശബ്ദവോട്ടെടുപ്പ്
