ആന്ധ്രയില്‍ തീര്‍ത്ഥാടക ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

ആന്ധ്രയില്‍ തീര്‍ത്ഥാടക ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു


ഹൈദരാബാദ്:  ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ നടന്ന ഭീകര ബസ് അപകടത്തില്‍ കുറഞ്ഞത് 15 പേര്‍ മരിച്ചതായി വിവരം. തിരക്കേറിയ സ്വകാര്യബസാണ് കൊക്കയിലേക്ക് മറിഞ്ഞ് ദാരുണമായ അപകടമുണ്ടായത്. തീര്‍ത്ഥാടകരുമായി ചിത്തൂര്‍ ജില്ലയില്‍ നിന്ന് പുറപ്പെട്ട ബസ്സ് ഭദ്രാചലം ക്ഷേത്രദര്‍ശനം കഴിഞ്ഞ് അന്നവരത്തേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. മാരേഡുമില്ലി ഭാഗത്തേക്കുള്ള വളവുകള്‍ നിറഞ്ഞ ഘട്ട് റോഡ് കടന്നുപോകുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചതെന്നാണ് പ്രാഥമിക വിവരം.

വീഴ്ചയുടെ നിമിഷങ്ങള്‍ക്കുള്ളില്‍ സഹായം അഭ്യര്‍ത്ഥിച്ച് യാത്രക്കാരുടെ നിലവിളികള്‍ ഉയര്‍ന്നു. താഴേക്ക് മറിഞ്ഞ ബസില്‍ നിന്ന് നിലവിളി കേട്ടതോടെ സമീപവാസികളും പോലീസും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. വാഹനത്തില്‍കുടുങ്ങിയ ആളുകളെ പുറത്തെടുക്കുന്നതിനുള്ള ശ്രമം മണിക്കൂറുകളോളം നീണ്ടു.

അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും റോഡിന്റെ ഇടുങ്ങിയ വളവുകള്‍ അപകടത്തിന് വഴിവച്ചിരിക്കാമെന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ജീവനുള്ളവരുടെ കൃത്യമായ എണ്ണം, പരിക്കേറ്റവരുടെ നില തുടങ്ങിയ വിവരങ്ങള്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ഗുരുതരമായ അപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.