ഭീകര പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം; ഒരു അമേരിക്കക്കാരനും ആറു യുക്രെയ്ന്‍ പൗരന്മാരും ഇന്ത്യയില്‍ അറസ്റ്റില്‍

ഭീകര പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം; ഒരു അമേരിക്കക്കാരനും ആറു യുക്രെയ്ന്‍ പൗരന്മാരും ഇന്ത്യയില്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാരോപിച്ച് ആറു യുക്രെയ്ന്‍ പൗരന്മാരും ഒരു അമേരിക്കക്കാരനും ഉള്‍പ്പെടെ ഏഴ് വിദേശികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞാഴ്ച എന്‍ ഐ എയുടെ നിരവധി സംഘങ്ങള്‍ ഏകോപിതമായി നടത്തിയ ഓപ്പറേഷനിലാണ് അമേരിക്കന്‍ പൗരനായ മാത്യു ആരോണ്‍ വാന്‍ഡൈക്കിനേയും സംഘത്തേയും പിടികൂടിയത്. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ യു എ പി എ വകുപ്പ് 18 ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് നടപടി.

അറസ്റ്റിന് പിന്നാലെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് അമേരിക്കക്കാരനെയും ലക്‌നൗ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് മൂന്ന് വീതം യുക്രെയ്ന്‍ പൗരന്മാരേയും ഇമിഗ്രേഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം സാധുവായ വിസയുമായി ഇന്ത്യയില്‍ പ്രവേശിച്ച ഇവര്‍ നിര്‍ബന്ധമായ 'റിസ്ട്രിക്ടഡ് ഏരിയ പെര്‍മിറ്റ്' ഇല്ലാതെ മിസോറാമില്‍ പ്രവേശിച്ചിരുന്നു.

അവിടെ നിന്ന് അവര്‍ മ്യാന്‍മാറിലേക്ക് കടക്കുകയും ഇന്ത്യയ്ക്കെതിരെ വൈരാഗ്യം പുലര്‍ത്തുന്ന ജാതി അടിസ്ഥാനത്തിലുള്ള സംഘങ്ങളുമായി അവര്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പില്‍ നിന്ന് നിരവധി ഡ്രോണുകള്‍ മിസോറാമിലേക്ക് എത്തിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉറവിടങ്ങള്‍ വ്യക്തമാക്കി.

പ്രതികളെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ആദ്യം മൂന്ന് ദിവസത്തെ കസ്റ്റഡിയിലാക്കിയ ഇവരുടെ കസ്റ്റഡി വീണ്ടും നീട്ടി മാര്‍ച്ച് 27 വരെ 11 ദിവസം കൂടി അനുവദിക്കുകയായിരുന്നു. രാജ്യാന്തര അതിര്‍ത്തികളുമായി ബന്ധപ്പെട്ട ഭീഷണികള്‍ ഉയര്‍ത്തുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്ന് എന്‍ ഐ എ വ്യക്തമാക്കി.

തെളിവുകള്‍ ശേഖരിക്കല്‍, ഗൂഢാലോചന പുറത്തുകൊണ്ടുവരല്‍, സഹപ്രതികളെ തിരിച്ചറിയല്‍, മൊബൈല്‍ ഡേറ്റ വിശകലനം എന്നിവയ്ക്കായി പൊലീസ് കസ്റ്റഡി അനിവാര്യമാണെന്ന് പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രശാന്ത് ശര്‍മ്മ ഉത്തരവില്‍ വ്യക്തമാക്കി.

യൂറോപ്പില്‍ നിന്ന് ഇന്ത്യ വഴി മ്യാന്‍മാറിലേക്ക് വലിയ തോതില്‍ ഡ്രോണുകള്‍ അനധികൃതമായി കടത്തുന്നതില്‍ പ്രതികള്‍ പങ്കാളികളായിരുന്നുവെന്ന് എന്‍ ഐ എ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള സംഘടനകള്‍ക്ക് ആയുധങ്ങള്‍, മറ്റ് ഭീകരോപകരണങ്ങള്‍, പരിശീലനം എന്നിവ നല്‍കുന്നതിലും ഇവര്‍ പങ്കെടുത്തതായി ആരോപിക്കുന്നു.

എസ് പി പി രാഹുല്‍ ത്യാഗി, പി പി അനില്‍ ദാബസ്, അഭിഭാഷകരായ ജതിന്‍, അമിത് റോഹില്ല എന്നിവരുടെ നേതൃത്വത്തില്‍ എന്‍ ഐ എ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും ഗൂഢാലോചന കണ്ടെത്താനുമായി പ്രതികളുടെ കസ്റ്റഡി നീട്ടാന്‍ കോടതിയില്‍ അപേക്ഷിച്ചു. പ്രതികള്‍ ഉപയോഗിച്ച വഴികള്‍ കണ്ടെത്തല്‍, ധനസ്രോതസ്സുകള്‍ തിരിച്ചറിയല്‍, സോഷ്യല്‍ മീഡിയ വിശകലനം വഴി മറ്റു സഹപ്രവര്‍ത്തകരെ കണ്ടെത്തല്‍ എന്നിവയാണ് അന്വേഷണ ഏജന്‍സിയുടെ ലക്ഷ്യം.

ബംഗ്ലാദേശിന്റേയും മ്യാന്‍മറിന്റേയും ഇന്ത്യയുടേയും ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി ക്രിസ്ത്യന്‍ രാജ്യം സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി 2024ല്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങ്, മ്യാന്‍മറിന്റെ ചില ഭാഗങ്ങള്‍, ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ ചേര്‍ത്ത് ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രമാക്കി ഒരു വിദേശ ശക്തിക്ക് താവളമൊരുക്കാന്‍ വെളുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ തന്നോട് അനുവാദം ചോദിച്ചുവെന്നാണ് ഷെയ്ഖ് ഹസീന പറഞ്ഞത്. അര്‍ ഒരു ക്രിസ്ത്യന്‍ രാജ്യം എന്ന അജണ്ടയാണ് മുന്നോട്ടു വെച്ചതെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കിയിരുന്നു.