'വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ; സഭയില്‍ വന്നിരിക്കാന്‍ ഭയം; എല്ലാമറിയാമെന്ന് കരുതുന്നവര്‍ വിഡ്ഡികള്‍': രാഹുൽ ഗാന്ധി

'വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ; സഭയില്‍ വന്നിരിക്കാന്‍ ഭയം; എല്ലാമറിയാമെന്ന് കരുതുന്നവര്‍ വിഡ്ഡികള്‍': രാഹുൽ ഗാന്ധി


ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പാർലമെൻ്റിന്റെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത ഏറ്റുമുട്ടൽ. പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെയും ആര്‍എസ്എസിനേയും കടന്നാക്രമിച്ച പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിക്കാന്‍ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ ഉത്തരവിട്ടെന്നും ലോക്സഭയിൽ ആരോപിച്ചു. അമിത് ഷായ്ക്ക് സഭയില്‍ വരാന്‍ ഭയമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭരണ- പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോട‌െ പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കി. 

ആഭ്യന്തരമന്ത്രി നമ്മുടെ വിദ്യാര്‍ഥികളെ വെടിവെക്കാന്‍ ഉത്തരവിട്ടു. അദ്ദേഹം നമ്മുടെ വിദ്യാര്‍ഥികളുടെ രക്തത്തിലേക്ക് പെല്ലറ്റുകള്‍ കടത്തിവിട്ടു. ബലപ്രയോഗത്തിന് ആഭ്യന്തരമന്ത്രിക്കോ പ്രധാനമന്ത്രിക്കോ മാത്രമേ അനുമതി നല്‍കാന്‍ കഴിയൂ – രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ഭരണപക്ഷം ശക്തമായി വിമര്‍ശിച്ചു. ആരോപണത്തിന് രാഹുല്‍ ഗാന്ധി തെളിവ് ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആഭ്യന്തരമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ച് ബിജെപി, എന്‍ഡിഎ അംഗങ്ങള്‍ രംഗത്തെത്തി.

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ആരോപിച്ചു. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു.അവർ എല്ലാം സ്വകാര്യവൽക്കരിക്കുന്നു.സ്വകാര്യ കമ്പനികൾ പരീക്ഷകൾ നിരീക്ഷിക്കുന്നു,നടത്തുന്നു.സ്വകാര്യ മേഖലയിലേക്ക് ആർഎസ്എസും വരുന്നു അവർ എല്ലാം പിടിച്ചെടുക്കുന്നു.പ്രധാൻ അല്ലായിരുന്നു,ആർഎസ്എസായിരുന്നു വിദ്യാഭ്യാസമന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്.വിദ്യാർത്ഥികളോട് തങ്ങളുടെ ഭക്തരാകാനാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ ലക്ഷകണക്കിന് പണം അവർ കവർന്നുവെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. 

ജന്ദർ മന്ദറിലെ ആ പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ചില വിദ്യാർത്ഥികളുമായി സംസാരിക്കാൻ അവസരം കിട്ടി.  വ്യവസ്ഥകളോടുള്ള വിദ്യാർത്ഥികളുടെ വികാരമായിരുന്നു പ്രതിഷേധം. ആ പ്രതിഷേധത്തിൽ താനും ആവേശഭരിതനായി. നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങൾ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഇഡിയറ്റ് എന്ന് അവൾ മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ വിശദമാക്കി. ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി. ആരുടെയും പേര് പറഞ്ഞിട്ടില്ല ഇഡിയറ്റെന്ന് പറഞ്ഞ രാഹുൽ, ഒരു കുട്ടിയുടെ വികാരം പങ്കുവയ്ക്കുകയായിരുന്നുവെന്ന് വിശദമാക്കി. 

പാർലമെൻ്റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ പ്രതികരിച്ചു. എന്നാൽ താൻ ആരെയും വിഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്ന് രാഹുൽ സഭയെ അറിയിച്ചു. ചില ഇഡിയറ്റുകൾ ദൈവമാണെന്ന് കരുതുന്നു. ഇതെല്ലാം അവരുടെ സൃഷ്‌ടിയാണെന്ന് വരുത്തി തീർക്കുന്നു. ബഹളം വയ്ക്കുന്ന ഭരണപക്ഷത്തോട് നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു. എന്നാൽ വിദ്യാർത്ഥികളുടെ പേരിൽ രാഹുൽ മര്യാദ കെട്ട വർത്തമാനം പറയുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു. രാഹുലിന്റെ പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സഭയിൽ ഭരണപ്രതിപക്ഷ ബഹളം രൂക്ഷമായതിന് പിന്നാലെ നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി. പ്രസംഗത്തെ തടസപ്പെടുത്തുകയല്ലെന്ന് വ്യക്തമാക്കിയ കിരൺ റിജിജു കുറച്ച് കൂടി മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് എന്ന് വിശദമാക്കി. താൻ വാതുറന്നാൽ ഭരണപക്ഷം ബഹളം തുടങ്ങുമെന്ന് രാഹുൽ മറുപടി നൽകിയതിന് പിന്നാലെ പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് ഓർക്കണമെന്ന് റിജിജു പറഞ്ഞു. ഇഡിയറ്റ് എന്ന വാക്ക് ഏതെങ്കിലും അംഗത്തിനെതിരെ ഉപയോഗിച്ചാൽ അത് തെറ്റാണ്. എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി വിശദമാക്കി.