ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ മുൻ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ 10 ജൻപഥിൽ വെച്ച് നടന്ന കൂടിക്കാഴ്ച ദേശീയ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബി.ജെ.പി.യുടെ കരുനീക്കത്തിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ തൃണമൂൽ കോൺഗ്രസ് കോൺഗ്രസിൽ ലയിക്കണമെന്ന ആവശ്യങ്ങൾക്കിടെയാണ് ഈ നിർണ്ണായക കൂടിക്കാഴ്ച. എന്നാൽ ലയന സാധ്യതകളെക്കുറിച്ച് ഇരുപാർട്ടികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള മമത ബാനർജിയുടെ ശ്രമങ്ങൾ പരാജയപ്പെടുകയാണ്. കൂടുതൽ എം.പിമാർ വിമത പക്ഷത്തേക്ക് നീങ്ങുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മമത വിളിച്ച യോഗത്തിൽ പങ്കെടുത്ത യൂസഫ് പഠാൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിലെത്തി വിമതർക്കൊപ്പം ചേർന്നു. ഇതിനുപിന്നാലെ തൃണമൂല്‍ അംഗം സുസ്മിത ദേവ് രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. മമതയുടെ വിശ്വസ്തനായ സുഖേന്ദു റോയി രാജ്യസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് സുസ്മിത ദേവും രാജിവച്ചത്. രാജിവച്ചതിന് ശേഷം ഡല്‍ഹിയില്‍ വെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടത് മറ്റൊരു രാഷ്ട്രീയ നീക്കത്തിനിടയാക്കിയിട്ടുണ്ട്. അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാ എം.പിയായിരുന്ന സുസ്മിത ദേവ്, 2019 ലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി വിട്ട് 2021ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അയോഗ്യത മറികടക്കാൻ ആവശ്യമായ 20 എം.പിമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമത പക്ഷത്തിന്റെ അവകാശവാദം. വിമതരെ അനുനയിപ്പിക്കാൻ അഭിഷേക് ബാനർജി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ടി.എം.സി ചീഫ് വിപ്പായി വിമത എം.പി കകോലി ഘോഷ് ദസ്തിദാറിനെ അംഗീകരിക്കരുതെന്ന് മമത പക്ഷം ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് അംഗീകരിക്കാൻ സ്പീക്കർ തയ്യാറാകില്ല.
തൃണമൂലിലെ വിമതരായ 20 എം.പിമാർ കൂടി പിന്തുണച്ചാൽ ലോക്സഭയിൽ എൻ.ഡി.എ.യുടെ അംഗസംഖ്യ 313 ആയി ഉയരും. വൈ.എസ്.ആർ.സി.പി.യും സ്വതന്ത്രരും ഉൾപ്പെടെ 10 പേർ കൂടിയാകുമ്പോൾ കേന്ദ്ര സർക്കാരിന് ബില്ലുകൾ പാസ്സാക്കാൻ ആവശ്യമായ ഭൂരിപക്ഷമാകും. ഇതിനുപുറമെ ഡി.എം.കെയുടെ 22 എം.പിമാരെയും ഒപ്പം നിർത്താൻ ബി.ജെ.പി നീക്കം നടത്തുന്നുണ്ട്.
തൃണമൂലിൽ കൊഴിഞ്ഞുപോക്ക് രൂക്ഷം; കോൺഗ്രസിനോട് അടുത്ത് മമത, ബംഗാളിലും ഡൽഹിയിലും നാടകീയ നീക്കങ്ങൾ സജീവം
