ഇറാൻ യുദ്ധം: അയൽരാജ്യങ്ങൾക്ക് ഡീസൽ നൽകി ഇന്ത്യയുടെ കൈത്താങ്ങ്

ഇറാൻ യുദ്ധം: അയൽരാജ്യങ്ങൾക്ക് ഡീസൽ നൽകി ഇന്ത്യയുടെ കൈത്താങ്ങ്


ന്യൂഡൽഹി: ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവില ഉയരുന്നതിനിടെ, അയൽരാജ്യങ്ങൾക്ക് ഇന്ധനസഹായം നൽകാൻ ഇന്ത്യ മുന്നോട്ട് വന്നു. ഹോർമുസ് കടലിടുക്ക് തടസപ്പെട്ടതോടെ നിരവധി രാജ്യങ്ങൾ ഇന്ധന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം മതിയായ രീതിയിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പെട്രോൾ-ഡീസൽ വിതരണം തടസ്സമില്ലാതെ തുടരുന്നതായും, 5.3 മില്ല്യൺ മെട്രിക് ടൺ തന്ത്രപ്രധാന സംഭരണശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൂടുതൽ സംഭരണ സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടി തുടരുകയാണ്.

ഇതിനിടെ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ അയൽരാജ്യങ്ങൾ ഇന്ത്യയോട് ഇന്ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ബംഗ്ലാദേശിന് ഡീസൽ നൽകാനുള്ള അഭ്യർത്ഥന പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിലോടെ 45,000 ടൺ ഡീസൽ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് എത്തും. ഇതിനകം 5,000 ടൺ വിതരണം ചെയ്തതായും വിവരം.

ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈനിലൂടെ കൂടുതൽ ഇന്ധനം എത്തിക്കുന്നതും പദ്ധതിയിലുണ്ട്. അയൽരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഊർജ സഹകരണം പ്രധാന പങ്ക് വഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കാൻ ഇറാനുമായി ഉൾപ്പെടെ മറ്റ് രാജ്യങ്ങളുമായും ഇന്ത്യ ചർച്ച തുടരുകയാണ്. അമേരിക്ക, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടി എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ വിതരണ ഉറവിടങ്ങൾ വൈവിധ്യമാക്കാനുള്ള ശ്രമവും ശക്തമാക്കിയിട്ടുണ്ട്.