എയര്‍ ടിക്കറ്റ് റീഫണ്ട് ചട്ടങ്ങളില്‍ ഭേദഗതി; ബുക്കിംഗിന് 48 മണിക്കൂറിനകം മാറ്റങ്ങള്‍ക്കു അധിക ചാര്‍ജ് ഇല്ല

എയര്‍ ടിക്കറ്റ് റീഫണ്ട് ചട്ടങ്ങളില്‍ ഭേദഗതി; ബുക്കിംഗിന് 48 മണിക്കൂറിനകം മാറ്റങ്ങള്‍ക്കു അധിക ചാര്‍ജ് ഇല്ല


ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ അനുകൂലിക്കുന്ന തരത്തില്‍ ടിക്കറ്റ് റീഫണ്ട് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഇനി ബുക്കിംഗ് നടത്തിയതിന് ശേഷം 48 മണിക്കൂറിനകം ടിക്കറ്റ് റദ്ദാക്കുകയോ തിയ്യതി/ വിവരങ്ങള്‍ മാറ്റുകയോ ചെയ്യുന്നവര്‍ക്ക് നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി അധിക ചാര്‍ജ് ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കില്ല.

പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബുക്കിംഗിന് പിന്നാലെ 48 മണിക്കൂറിനകം യാത്രക്കാരന്‍ റദ്ദാക്കലോ മാറ്റമോ ആവശ്യപ്പെട്ടാല്‍ സാധാരണയായി ഈടാക്കുന്ന കാന്‍സലേഷന്‍/ മോഡിഫിക്കേഷന്‍ ഫീസ് ഈടാക്കരുത്. എന്നാല്‍, ഇത് പ്രയോഗിക്കപ്പെടുക ചില വ്യവസ്ഥകള്‍ക്ക് വിധേയമായായിരിക്കും  പ്രത്യേകിച്ച് യാത്ര തിയ്യതി വളരെ അടുത്തതാണോ എന്നതടക്കമുള്ള മാനദണ്ഡങ്ങള്‍ പരിഗണിക്കും.

യാത്രക്കാരില്‍ നിന്നുള്ള പരാതികളും ഉയര്‍ന്ന കാന്‍സലേഷന്‍ ചാര്‍ജുകളെക്കുറിച്ചുള്ള ആശങ്കകളും പരിഗണിച്ചാണ് ഡി ജി സി എ ഈ ഭേദഗതി കൊണ്ടുവന്നത്. ബുക്കിംഗില്‍ പിഴവുകള്‍ സംഭവിക്കുന്ന സാഹചര്യം പരിഹരിക്കാനും ഉപഭോക്തൃ സൗഹൃദ വ്യവസ്ഥകള്‍ ഉറപ്പാക്കാനുമാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിമാനക്കമ്പനികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി ജി സി എ നിര്‍ദേശിച്ചിട്ടുണ്ട്. ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.