ന്യൂഡൽഹി: വെനസ്വേലയിൽ മരിച്ച 33-കാരനായ ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ മസ്തിഷ്കം, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾ ഇല്ലെന്ന് ഇന്ത്യയിൽ നടത്തിയ രണ്ടാം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മരിച്ച നാവികന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വെനസ്വേലൻ അധികൃതരിൽ നിന്ന് വിശദീകരണം തേടണമെന്നും വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെടണമെന്നും ഫെഡറേഷൻ ഓഫ് സീഫാരേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ (എഫ് എസ് യു ഐ) ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയായ രാകേഷ് ചൗഹാൻ മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മേയ് മാസത്തിൽ വെനസ്വേലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ മൃതദേഹം ഇന്ത്യയിലെത്തിച്ചപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മരണകാരണം സംബന്ധിച്ച ഔദ്യോഗിക രേഖകളോ അധികൃതർ കൈമാറിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
തുടർന്ന് മൃതദേഹം ദിയോറിയയിൽ എത്തിച്ചതിന് ശേഷം കുടുംബം രണ്ടാം പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതായി എഫ് എസ് യു ഐ എക്‌സിലൂടെ അറിയിച്ചു. ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിലെ എല്ലാ പ്രധാന ആന്തരിക അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നുവെന്നാണ് സംഘടനയുടെ ആരോപണം.
എഫ് എസ് യു ഐയുടെ വിശദീകരണമനുസരിച്ച് മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, പ്ലീഹ, ആമാശയം, കുടലുകൾ, തൈറോയ്ഡ് ഗ്രന്ഥി, ഹയോയ്ഡ് അസ്ഥി, ലാരിൻക്സ്, ട്രാക്കിയ തുടങ്ങിയവയാണ് കാണാതായതായി പറയുന്നത്. കഴുത്ത് മുതൽ ജനനേന്ദ്രിയ ഭാഗം വരെ 22 തുന്നലുകളും ഒരു ചെവിയിൽ നിന്ന് മറുചെവി വരെ 21 തുന്നലുകളും ഉള്ള ശസ്ത്രക്രിയാ മുറിവുകളും മൃതദേഹത്തിലുണ്ടായിരുന്നുവെന്നും സംഘടന ആരോപിച്ചു.
മൃതദേഹം ഏകദേശം ഒരു മാസത്തോളം ഡീപ് ഫ്രീസറിൽ സൂക്ഷിച്ചിരുന്നുവെന്നും മരണത്തിന് മുമ്പേറ്റ പരിക്കുകളുടെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും എഫ് എസ് യു ഐ വ്യക്തമാക്കി. പ്രധാന ആന്തരിക അവയവങ്ങൾ ഇല്ലാത്തതിനാൽ മരണത്തിന്റെ യഥാർഥ കാരണം നിർണയിക്കാനും കഴിഞ്ഞില്ലെന്നാണ് സംഘടനയുടെ നിലപാട്.
സംഭവം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെയും തൊഴിലാളികളുടെയും സുരക്ഷ, മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലെ സുതാര്യത, ബന്ധപ്പെട്ട വിദേശ അധികൃതരുടെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതായും എഫ് എസ് യു ഐ അഭിപ്രായപ്പെട്ടു.
