ആകാംക്ഷ സിംഗ്: ഒരേ പേര്, ഒരേ റോള്‍ നമ്പര്‍ ഒരേ റാങ്ക്; സിവില്‍ സര്‍വീസ് പരീക്ഷാ ഫലം ആകാംക്ഷയായി

ആകാംക്ഷ സിംഗ്: ഒരേ പേര്, ഒരേ റോള്‍ നമ്പര്‍ ഒരേ റാങ്ക്; സിവില്‍ സര്‍വീസ് പരീക്ഷാ ഫലം ആകാംക്ഷയായി


ന്യൂഡല്‍ഹി: യു പി എസ് സി പ്രഖ്യാപിച്ച 2025 സിവില്‍ സര്‍വീസ് പരീക്ഷാഫലത്തിന് പിന്നാലെ അപൂര്‍വമായൊരു വിവാദവും. 'ആകാംക്ഷ സിംഗ്' എന്ന ഒരേ പേരില്‍ രണ്ട് വനിതകള്‍ക്ക് മെറിറ്റ് ലിസ്റ്റില്‍ 301-ാം റാങ്ക് ലഭിച്ചതായി അവകാശപ്പെടുന്നതാണ് വിവാദത്തിന് കാരണമായത്. ഒരേ പേരുകാരായ രണ്ട് ഉദ്യോഗാര്‍ഥികളും ഒരേ റാങ്ക് നേടിയെന്ന് അവകാശപ്പെട്ടതോടെയാണ് സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരാള്‍ ഉത്തര്‍പ്രദേശിലെ വാരാണസി സ്വദേശിയാണങ്കില്‍ മറ്റേയാള്‍ ബിഹാറിലെ അറാ സ്വദേശിയും. പേരും റാങ്കും മാത്രമല്ല ഇരുവരും തങ്ങളുടേതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് ഒരേ റോള്‍ നമ്പര്‍ തന്നെയാണ്. 

വിവാദം ശക്തമായത് വാരണാസിയിലെ ആകാംക്ഷ സിംഗ് സോഷ്യല്‍ മീഡിയയില്‍ രേഖകള്‍ പങ്കുവച്ചതോടെയാണ്. തന്റെ യു പി എസ് സി അഡ്മിറ്റ് കാര്‍ഡിന്റെയും ഇന്റര്‍വ്യൂ കോള്‍ ലെറ്ററിന്റെയും പകര്‍പ്പുകള്‍ അവര്‍ പോസ്റ്റ് ചെയ്തു. അതിലെ റോള്‍ നമ്പര്‍ ഔദ്യോഗിക ഫല പട്ടികയില്‍ നല്‍കിയിരിക്കുന്ന നമ്പറുമായി ഒത്തുപോകുന്നതാണെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ സോഷ്യല്‍ മീഡിയയിലെ പലരും അവരുടെ അവകാശവാദം കൂടുതല്‍ വിശ്വസനീയമാണെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, ബിഹാറിലെ അറായില്‍ മറ്റൊരു ആകാംക്ഷ സിംഗിന്റെ വിജയാഘോഷം ഇതിനകം തന്നെ ആരംഭിച്ചിരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ വിജയത്തില്‍ അഭിമാനം പ്രകടിപ്പിക്കുകയും അവര്‍ കടുത്ത പരിശ്രമത്തിലൂടെയാണ് ഈ നേട്ടം നേടിയതെന്ന് പറയുകയും ചെയ്തു. കൂടാതെ, ഭാവിയില്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തെ ഏറ്റവും പ്രാധാന്യമുള്ള മത്സരപരീക്ഷകളിലൊന്നായ സിവില്‍ സര്‍വീസില്‍ ഒരേ പേര്, ഒരേ റാങ്ക്, ഒരേ റോള്‍ നമ്പര്‍ എന്ന സാഹചര്യം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ യു പി എസ് സി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.