അമൃത്‌സറിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം പാക് വ്യോമപാതയിൽ; ആഭ്യന്തര അന്വേഷണം തുടങ്ങി

അമൃത്‌സറിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം പാക് വ്യോമപാതയിൽ; ആഭ്യന്തര അന്വേഷണം തുടങ്ങി


ന്യൂഡൽഹി:  ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ നിയന്ത്രണ പിഴവ് മൂലം പാക്കിസ്ഥാൻ വ്യോമപാതയലേക്ക് കടന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജൂൺ 22ന് നടന്ന സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഡൽഹി-അമൃത്‌സർ സർവീസ് നടത്തിയ എഐ 479 വിമാനമാണ് അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ പാക്കിസ്ഥാൻ വ്യോമപരിധിയലേക്ക് അൽപദൂരം പ്രവേശിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ലാൻഡിങ് സുരക്ഷിതമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് വിമാനം വീണ്ടും ഉയർത്തിയപ്പോഴാണ് നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ച് അതിർത്തി കടന്നതെന്ന് അധികൃതർ വ്യക്തമാക്കി. പിന്നീട് വിമാനം സുരക്ഷിതമായി അമൃത്‌സർ വിമാനത്താവളത്തിൽ ഇറക്കി.

സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇതുസംബന്ധിച്ച വിശദമായ റപ്പോർട്ട് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി കമ്പനി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് എയർ ഇന്ത്യയുടെ പ്രധാന പരിഗണനയെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.