ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വായുമലിനീകരണം രൂക്ഷം; ഉടന്‍ ആശ്വാസമില്ലെന്ന് പ്രവചനം

ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വായുമലിനീകരണം രൂക്ഷം; ഉടന്‍ ആശ്വാസമില്ലെന്ന് പ്രവചനം


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വായുനിലവാരം മോശം വിഭാഗത്തില്‍. ശനിയാഴ്ച രേഖപ്പെടുത്തിയ വായുനിലവാര സൂചിക  180 ആണ്. നിലവിലെ സാഹചര്യത്തില്‍ ഉടന്‍ ആശ്വാസമുണ്ടാകാന്‍ സാധ്യതയില്ലെന്നും ഒരാഴ്ചയെങ്കിലും വായുനിലവാരം സമാനമായി തുടരാമെന്നുമാണ് ഔദ്യോഗിക പ്രവചനം.

ശൈത്യകാലം അടുക്കുന്നതോടെ ഡല്‍ഹിയിലെ വായുമലിനീകരണം വീണ്ടും ആശങ്കയാകുകയാണ്. സമീപ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും മലിനീകരണം വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. ദസറ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതും വായുനിലവാരം കൂടുതല്‍ മോശമാകാന്‍ കാരണമായി.

വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം നഗരത്തിന്റെ പല ഭാഗങ്ങളിലും വായുനിലവാരം മോശം വിഭാഗത്തിലാണ്.

വായുമലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 21 ബുധനാഴ്ച മുതല്‍ ദേശീയ തലസ്ഥാന മേഖലയിലുടനീളം ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ഗ്രാപ്) ഒന്നാം ഘട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, പുറംപ്രദേശങ്ങളിലെ നിര്‍മാണ- പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യങ്ങളും മറ്റും കത്തിക്കുന്നത് തടയുക എന്നിവയാണ് പ്രധാന നടപടികള്‍. നഗരത്തിലെ പാര്‍ക്കിങ് നിരക്കുകള്‍ ഇരട്ടിയാക്കുക, സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കുക, വാഹനഗതാഗതം കുറയ്ക്കുന്നതിനായി വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി അവിടെത്തന്നെ നടപടി സ്വീകരിക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും ഓരോ വകുപ്പിനും വ്യക്തമായ പ്രവര്‍ത്തനപദ്ധതിയും സമയപരിധിയും ഫലങ്ങളുടെ ഉത്തരവാദിത്വവും ഉണ്ടായിരിക്കണമെന്നും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹി പരിസ്ഥിതിമന്ത്രി മന്‍ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകള്‍ ഏകോപിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.