ടൊറന്റോ-ഡൽഹി സർവീസിൽ പുതിയ ബോയിങ് 7879 വിന്യസിച്ച് എയർ ഇന്ത്യ

ടൊറന്റോ-ഡൽഹി സർവീസിൽ പുതിയ ബോയിങ് 7879 വിന്യസിച്ച് എയർ ഇന്ത്യ


ന്യൂഡൽഹി: ടൊറന്റോ-ന്യൂഡൽഹി റൂട്ടിലെ സർവീസുകൾ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി പുതിയ ബോയിങ് 7879 വിമാനങ്ങൾ വിന്യസിച്ച് എയർ ഇന്ത്യ. ആഴ്ചയിൽ നടത്തുന്ന 10 സർവീസുകളിൽ ഏഴിലും നിലവിൽ 7879 ഉപയോഗിക്കുന്നുണ്ട്. ഈ റൂട്ടിലെ മുഴുവൻ സർവീസുകളും 7879 ഉപയോഗിച്ച് നടത്തുന്നത് 2027 ജനുവരിയോടെ പൂർത്തിയാക്കാനാണ് എയർ ഇന്ത്യയുടെ പദ്ധതി.

പുതിയ വിമാനത്തിൽ മൂന്ന് ക്ലാസ് കാബിൻ സംവിധാനമാണുള്ളത്. ആദ്യമായി ഈ റൂട്ടിൽ പ്രീമിയം ഇക്കോണമി വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. 121 ക്രമീകരണത്തിലുള്ള 30 ബിസിനസ് ക്ലാസ് സ്യൂട്ടുകൾ, 232 ക്രമീകരണത്തിലുള്ള 28 പ്രീമിയം ഇക്കോണമി സീറ്റുകൾ, 333 ക്രമീകരണത്തിലുള്ള 238 ഇക്കോണമി സീറ്റുകൾ എന്നിവയാണ് വിമാനത്തിലുള്ളത്.

ബിസിനസ് ക്ലാസ് സീറ്റുകളിൽ സ്വകാര്യതയ്ക്കുള്ള സ്ലൈഡിങ് വാതിലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. പ്രീമിയം ഇക്കോണമി സീറ്റുകൾക്ക് 38 ഇഞ്ച് സീറ്റ് പിച്ച്, ക്രമീകരിക്കാവുന്ന ലെഗ് റെസ്റ്റുകൾ എന്നിവ ലഭിക്കും. എല്ലാ കാബിനുകളിലും 4ഗ വിനോദ സ്‌ക്രീനുകളും USB-A, USB-C ചാർജിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബിസിനസ് ക്ലാസിൽ മെത്ത ടോപ്പറുകളും വയർലെസ് ചാർജിങ് സൗകര്യവും ലഭ്യമാണ്.

നിലവിൽ ടൊറന്റോ-ഡൽഹി റൂട്ടിൽ മൂന്ന് പഴയ ബോയിങ് 777-300ER വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. 2027 ജനുവരിയോടെ പത്ത് പ്രതിവാര സർവീസുകളും 7879 വിമാനങ്ങളിലേക്ക് മാറ്റുന്നതോടെ യാത്രക്കാർക്ക് ഒരേ നിലവാരത്തിലുള്ള വിമാനവും സൗകര്യങ്ങളും ലഭ്യമാകും.

കാനഡയിലെ മറ്റ് സർവീസുകളിലും യാത്രാനുഭവം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യയുടെ നീക്കം. അതേസമയം, 2027 ജനുവരിക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പഴയ 777-300 ER വിമാനത്തിൽ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകാം. പുതിയ 7879 വിമാനങ്ങളുടെ പൂർണ വിന്യാസത്തോടെ ടൊറന്റോ-ഡൽഹി റൂട്ടിലെ വിമാനസൗകര്യങ്ങളിലെ വ്യത്യാസം ഒഴിവാക്കാനാകുമെന്നാണ് എയർ ഇന്ത്യയുടെ പ്രതീക്ഷ.