ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി ഡല്‍ഹി- ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ച് എയര്‍ ഇന്ത്യ. നവംബര്‍ നാല് മുതല്‍ ഡല്‍ഹി, മുംബൈ നഗരങ്ങളില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി, നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളങ്ങളിലേക്കുള്ള നാല് സര്‍വീസുകളാണ് റോമിലെ ഇടത്താവളം ഒഴിവാക്കി വീണ്ടും സര്‍വീസ് ആരംഭിച്ചത്.
ഇതോടെ യാത്രക്കാര്‍ക്ക് റോമില്‍ ഇറങ്ങി വീണ്ടും വിമാനം കയറേണ്ട സാഹചര്യം ഒഴിവാകും. നേരത്തേ ഏര്‍പ്പെടുത്തിയിരുന്ന ഇടത്താവളം കാരണം യാത്രാസമയം ഏകദേശം 20 മണിക്കൂറായി വര്‍ധിച്ചിരുന്നു. റോമിലെ സ്റ്റോപ്പ് ഒഴിവാക്കിയതോടെ യാത്രാസമയം ഏകദേശം നാല് മണിക്കൂര്‍ കുറയും. പഴയതുപോലെ 15 മുതല്‍ 16 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍നിന്ന് ന്യൂയോര്‍ക്കിലെത്താനാകും.
ഇറാഖിന്റെ വ്യോമപാത വീണ്ടും ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതും ഇറാഖ്, സിറിയ, ജോര്‍ദാന്‍ മേഖലകളിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതായുള്ള വിലയിരുത്തലുമാണ് നേരിട്ടുള്ള സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ എയര്‍ ഇന്ത്യയെ സഹായിച്ചത്.
2026 ഫെബ്രുവരി 28ന് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യന്‍ മേഖലയിലെ വ്യോമപാതകളുടെ ഉപയോഗം തടസ്സപ്പെട്ടിരുന്നു. ഇതോടെ നേരത്തേ ഉപയോഗിച്ചിരുന്ന വിമാനമാര്‍ഗങ്ങള്‍ പ്രായോഗികമല്ലാതായതിനെത്തുടര്‍ന്നാണ് പടിഞ്ഞാറേക്കുള്ള സര്‍വീസുകളില്‍ റോം ഇടത്താവളമായി ഉള്‍പ്പെടുത്തിയത്.
നേരിട്ടുള്ള സര്‍വീസിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ക്ക് ഈ മാറ്റം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. യാത്രാസമയം മണിക്കൂറുകളോളം വര്‍ധിച്ചതിനു പുറമെ അധികമായി വിമാനം ഇറക്കുകയും വീണ്ടും പറന്നുയരുകയും ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.
ഇറാഖ് വ്യോമപാത വീണ്ടും ലഭ്യമായതോടെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ന്യൂയോര്‍ക്ക് മേഖലയിലേക്കുള്ള നാല് സര്‍വീസുകളിലും റോം ഇടത്താവളം ഒഴിവാക്കി. ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാനബന്ധം നല്‍കുന്ന ചുരുക്കം വിമാനക്കമ്പനികളിലൊന്നാണ് എയര്‍ ഇന്ത്യ.
നേരിട്ടുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ചെങ്കിലും സാധാരണ സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഏറ്റവും കുറഞ്ഞ ദൂരത്തിലുള്ള വിമാനമാര്‍ഗങ്ങളിലേക്ക് എയര്‍ ഇന്ത്യയ്ക്ക് പൂര്‍ണമായി മടങ്ങാനായിട്ടില്ല. ഇറാന്‍ വ്യോമപാത ഇപ്പോഴും എയര്‍ ഇന്ത്യയ്ക്ക് ലഭ്യമല്ല. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും തുടരുകയാണ്.
ഇതുമൂലം വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. അധിക ഇന്ധനം കരുതേണ്ടിവരുന്നത് ഇന്ധനച്ചെലവ് വര്‍ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെയും ചരക്കുകളുടെയും ഭാരം വഹിക്കാനുള്ള ശേഷിയെയും ബാധിച്ചേക്കാം. ദീര്‍ഘദൂര വടക്കേ അമേരിക്കന്‍ സര്‍വീസുകളിലാണ് ഈ നിയന്ത്രണങ്ങളുടെ ആഘാതം കൂടുതല്‍ പ്രകടമാകുന്നത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നേരിട്ടുള്ള സര്‍വീസുകള്‍ തുടരാനാകുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ജനുവരി മുതല്‍ ശക്തമായ എതിര്‍കാറ്റ് വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. യാത്രക്കാരുടെ എണ്ണം, കാലാവസ്ഥ, ആവശ്യമായ ഇന്ധനത്തിന്റെ അളവ് എന്നിവ കണക്കിലെടുത്ത് ചില സര്‍വീസുകളില്‍ താത്ക്കാലിക ഇന്ധനം നിറയ്ക്കല്‍ ഇടത്താവളങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
അതുകൊണ്ടുതന്നെ നേരിട്ടുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ചത് പ്രവര്‍ത്തനസാഹചര്യങ്ങളില്‍ പുരോഗതിയുണ്ടാക്കുന്നതാണെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും ഇതോടെ അവസാനിക്കുന്നില്ല.
