വാങ്കൂവര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടിക്കെത്തിയ എയര്‍ ഇന്ത്യ പൈലറ്റ് മദ്യലഹരിയിലായിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കാനഡ ഗതാഗത വകുപ്പ് (Transport Canada) എയര്‍ ഇന്ത്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (RCMP) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2025 ഡിസംബര്‍ 23ന് വാങ്കൂവറില്‍ നിന്ന് വിയന്നയിലേക്കു പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI186 വിമാനത്തിന്റെ ക്യാപ്റ്റന്‍ സൗരഭ് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്നും ഡ്യൂട്ടിക്ക് അയോഗ്യനാണെന്നും RCMP അറിയിച്ചതായി ട്രാന്‍സ്പോര്‍ട്ട് കാനഡ വ്യക്തമാക്കി.
ഡിസംബര്‍ 24ന് എയര്‍ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു അയച്ച കത്തില്‍, വിമാനത്തില്‍ നിന്ന് ക്യാപ്റ്റനെ ഒഴിവാക്കിയ ശേഷം വാങ്കൂവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ രണ്ട് ബ്രത്ത് അനലൈസര്‍ പരിശോധനകളില്‍ മദ്യലഹരി സ്ഥിരീകരിച്ചതായും കാനഡ അധികൃതര്‍ വ്യക്തമാക്കി. സംഭവം കാനഡന്‍ എവിയേഷന്‍ റെഗുലേഷന്‍സ് (CARs) ലംഘനമാണെന്നും CARs 602.02, 602.03 എന്നീ വകുപ്പുകള്‍ക്കും എയര്‍ ഇന്ത്യയ്ക്കു നല്കിയ ഫോറിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിലെ (FAOC) നിബന്ധനകള്‍ക്കും വിരുദ്ധമാണെന്നും ട്രാന്‍സ്പോര്‍ട്ട് കാനഡ അറിയിച്ചു. RCMPയുടെയും ട്രാന്‍സ്പോര്‍ട്ട് കാനഡ സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് നിയമനടപടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ സ്വീകരിച്ച നടപടികളും ഭാവിയില്‍ ആവര്‍ത്തനം ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ കൈക്കൊള്ളുന്ന തിരുത്തല്‍ നടപടികളും വിശദീകരിച്ച് ജനുവരി 26നകം മറുപടി നല്‍കണമെന്നു കാനഡ ആവശ്യപ്പെട്ടു.
അതേസമയം, ഇതിനു ഒരുദിവസം മുന്‍പ് തന്നെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയിലെ മറ്റൊരു പൈലറ്റിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. AI358, AI-357 വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് വിമാന ഡിസ്പാച്ച്, മിനിമം ഇക്വിപ്മെന്റ് ലിസ്റ്റ് (MEL) പാലനം, പൈലറ്റിന്റെ തീരുമാനമെടുക്കല്‍ എന്നിവയില്‍ ഗുരുതര സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതായി DGCA അറിയിച്ചു. ആവര്‍ത്തിച്ച തകരാറുകളും വീഴ്ചയും ഉണ്ടായിട്ടും വിമാനം സ്വീകരിച്ചതായി നോട്ടീസില്‍ പറയുന്നു. അക358 വിമാനത്തിലെ ഒരു വാതിലിന് സമീപം പുകഗന്ധം അനുഭവപ്പെട്ടതായും DGCA ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് രാജ്യാന്തര തലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന സംഭവങ്ങളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.
വാങ്കൂവറില്‍ എയര്‍ ഇന്ത്യ പൈലറ്റ് മദ്യലഹരിയില്‍; കാനഡ അന്വേഷണം ആവശ്യപ്പെട്ടു
