അഹമ്മദാബാദ് വിമാനദുരന്തം: അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ കരട് ഒക്ടോബറിൽ; കോക്പിറ്റ് റെക്കോഡുകൾ പുറത്തുവിടാനാകില്ലെന്ന് എഎഐബി

അഹമ്മദാബാദ് വിമാനദുരന്തം: അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ കരട് ഒക്ടോബറിൽ; കോക്പിറ്റ് റെക്കോഡുകൾ പുറത്തുവിടാനാകില്ലെന്ന് എഎഐബി


ന്യൂഡൽഹി: അഹമ്മദാബാദിൽ 2025 ജൂൺ 12ന് എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം തകർന്നുവീണ് 260 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ കരട് ഈ വർഷം ഒക്ടോബറോടെ തയ്യാറാക്കുമെന്ന് വിമാനാപകട അന്വേഷണ ബ്യൂറോ (AAIB) സുപ്രീം കോടതിയെ അറിയിച്ചു.

അന്താരാഷ്ട്ര വ്യോമയാന കരാറുകൾക്ക് അനുസൃതമായാണ് അന്വേഷണം നടക്കുന്നതെന്നും, കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും എഎഐബി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വിമാനാപകട അന്വേഷണവുമായി ബന്ധപ്പെട്ട നിയമപ്രകാരം ഇത്തരം കേസുകളിൽ അന്വേഷണം നടത്താനുള്ള പൂർണ അധികാരം എഎഐബിക്കാണുള്ളതെന്നും, അന്വേഷണത്തിലെ സംരക്ഷിത രേഖകൾ പുറത്തുവിടാൻ നിയമം അനുവദിക്കുന്നില്ലെന്നും ബ്യൂറോ ചൂണ്ടിക്കാട്ടി.

2025ലെ ചട്ടങ്ങളിലെ റൂൾ 17 പ്രകാരം സാക്ഷിമൊഴികൾ, വിമാനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ, മെഡിക്കൽ വിവരങ്ങൾ, കോക്പിറ്റ് വോയ്‌സ് റെക്കോഡിങ്, അതിന്റെ പകർപ്പുകൾ, എയർ ട്രാഫിക് കൺട്രോൾ റെക്കോഡുകൾ, കോക്പിറ്റ് ദൃശ്യങ്ങൾ, അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് വെളിപ്പെടുത്താനാവില്ല. പൊതുതാൽപര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ പ്രത്യേകമായി തീരുമാനിച്ചാൽ മാത്രമേ ഇത്തരം വിവരങ്ങൾ പുറത്തുവിടാനാകൂ.

കോക്പിറ്റ് വോയ്‌സ് റെക്കോഡുകൾ ബാഹ്യ സമിതിക്ക് കൈമാറണമെന്ന ഹർജിക്കാരുടെ ആവശ്യവും എഎഐബി എതിർത്തു. കോക്പിറ്റ് ശബ്ദരേഖകൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തുന്നത് നിയമം പൂർണമായും വിലക്കുന്നതാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

ഇത്തരം രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സംരക്ഷിക്കുന്നത് സാക്ഷികൾ ഭയമില്ലാതെ മൊഴിനൽകാനും അന്വേഷണത്തിന്റെ സ്വതന്ത്രതയും വിശ്വാസ്യതയും ഉറപ്പാക്കാനുമാണെന്ന് എഎഐബി വ്യക്തമാക്കി.

വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ സുമീത് സഭർവാളിന്റെ പിതാവ് പുഷ്‌കർ രാജ് സഭർവാൾ നൽകിയ ഹർജിയുൾപ്പെടെ മൂന്ന് ഹർജികൾക്കുള്ള മറുപടിയായാണ് എഎഐബി സത്യവാങ്മൂലം സമർപ്പിച്ചത്.

241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ചതെന്നും, ഇത്രയും സങ്കീർണമായ അന്താരാഷ്ട്ര വിമാനാപകടങ്ങളുടെ അന്വേഷണം പൂർത്തിയാകാൻ സാധാരണയായി ഒരു വർഷമോ അതിലധികമോ സമയം വേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഒക്ടോബർ സമയപരിധി എഎഐബി ന്യായീകരിച്ചത്. ജപ്പാൻ എയർലൈൻസ് ഫ്‌ളൈറ്റ് 516, ജെജു എയർ ഫ്‌ളൈറ്റ് 2216, പൊട്ടോമാക് നദിക്ക് മുകളിലെ മിഡ്എയർ കൂട്ടിയിടി, എത്യോപ്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 302 എന്നീ അപകടങ്ങളുടെ അന്വേഷണങ്ങളും ഉദാഹരണമായി എഎഐബി കോടതിയെ അറിയിച്ചു.