മുംബൈ: ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ അനന്തരവനും നടനുമായ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാന് നിര്ദേശിച്ച് മുംബൈ പൊലീസ്. ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്ട്ടി നടത്തിയ പ്രതിഷേധത്തില് ഇമ്രാന് ഖാന് പങ്കെടുത്തതിന് പിന്നാലെയാണ് പൊലീസ് നടപടി.
ഒക്ടോബർ 28നകം രാജ്യം വിടാന് നിർദേശിച്ചാണ് മുംബൈ പൊലീസ് നോട്ടീസ് നൽകിയത്. നോട്ടീസിന്റെ പകർപ്പ് ഇമ്രാൻ ഖാന് ലഭിച്ചതായും വിഷയത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമേരിക്കൻ പൗരനായ ഇമ്രാൻ ഖാൻ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. വ്യാഴാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിഷേധത്തിനിടെ നടനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇമ്രാൻ ഖാൻ ഇന്ത്യൻ പൗരനല്ലെന്നും വിദേശ പൗരനാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യയിൽ വിദേശ പൗരന്മാർക്ക് രാഷ്ട്രീയ പ്രതിഷേധങ്ങളിലോ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പങ്കെടുക്കാൻ ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പ്രകാരം അനുവാദമില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇമ്രാൻ ഖാനെതിരെ നടപടിയെടുക്കണമെന്ന് മുൻ ബിജെപി എംപി കിരിത് സോമയ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിദേശ പൗരനായ നടൻ 'കോക്രോച്ച് ജനത പാർട്ടി'യെ പിന്തുണച്ചുള്ള പ്രതിഷേധത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ നടന് നിയമപരമായി അനുവാദമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും സോമയ്യ ആവശ്യപ്പെട്ടിരുന്നു.
ഇമ്രാൻ ഖാൻ അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള വ്യക്തിയാണെന്നാണ് റിപ്പോർട്ടുകൾ. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) പദവിയും വിസാ വ്യവസ്ഥകളും ലംഘിച്ചെന്നാരോപിച്ച് നടനെ ഉടൻ അറസ്റ്റ് ചെയ്ത് നാടുകടത്തണമെന്നും സോമയ്യ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെ ഇമ്രാൻ ഖാൻ നടത്തിയ പ്രസംഗങ്ങളുടെയും നേരത്തെയുള്ള പരാമർശങ്ങളുടെയും തെളിവുകൾ പൊലീസിന് കൈമാറിയതായി സോമയ്യ പറഞ്ഞു. നടൻ ഒസിഐ പദവി ദുരുപയോഗം ചെയ്തെന്നും നിയമവിരുദ്ധമെന്ന് അദ്ദേഹം വിശേഷിപ്പിച്ച രാഷ്ട്രീയ പ്രക്ഷോഭത്തിൽ പങ്കെടുത്തെന്നും ആരോപിച്ച സോമയ്യ അടിയന്തര പൊലീസ് നടപടി ആവശ്യപ്പെട്ടു.
ഇമ്രാൻ ഖാൻ അടുത്തിടെ രാജ്യത്ത് താമസിക്കുന്നതിനിടെ പ്രകടിപ്പിച്ച രാഷ്ട്രീയ നിലപാടുകളെ 'രാഷ്ട്രീയ തീവ്രവാദം' എന്നാണ് സോമയ്യ വിശേഷിപ്പിച്ചത്. ഒസിഐ കാർഡുള്ള അമേരിക്കൻ പൗരനായ നടൻ തന്റെ പദവി ദുരുപയോഗം ചെയ്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
"ഇമ്രാൻ ഖാൻ അടുത്തിടെ രാജ്യത്ത് താമസിക്കുന്നതിനിടെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ തീവ്രവാദം ഇന്ത്യൻ പൗരന്മാർക്ക് അംഗീകരിക്കാനാവില്ല. ഒസിഐ കാർഡുള്ള അമേരിക്കൻ പൗരനായ അദ്ദേഹം തന്റെ പദവി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു. പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങളും നേരത്തെയുള്ള പരാമർശങ്ങളും ഉൾപ്പെടെ അദ്ദേഹത്തിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഇന്ന് ഞങ്ങൾ പൊലീസിന് കൈമാറി", സോമയ്യ പറഞ്ഞു.
അതേസമയം, മുംബൈയിലെ പൗരനെന്ന നിലയിലാണ് താൻ പ്രതിഷേധ സ്ഥലത്ത് എത്തിയതെന്നും പ്രത്യേക ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നും ഇമ്രാൻ ഖാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതും ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതും എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
"എനിക്ക് പ്രത്യേക ആവശ്യങ്ങളൊന്നുമില്ല. ഈ നഗരത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് എന്തിനാണെന്ന് അറിയാനാണ് ഞാൻ വന്നത്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നത് എന്തിനാണ്? അതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്", ഇമ്രാൻ ഖാൻ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് വാഹനത്തിനുള്ളിൽ ഇരിക്കുന്നതെന്ന് തോന്നിക്കുന്ന ചിത്രവും നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 'പ്രത്യക്ഷത്തിൽ, ഞാനൊരു ഡ്രൈവിന് പോകുകയാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
'ഇനി ഇവിടെ നില്ക്കാന് പറ്റില്ല'; നടന് ഇമ്രാന് ഖാനോട് രാജ്യം വിടണമെന്ന് മുംബൈ പൊലീസ്
