അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; പിന്നിൽ ബി.ജെ.പിയെന്ന് തൃണമൂൽ

അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; പിന്നിൽ ബി.ജെ.പിയെന്ന് തൃണമൂൽ


കൊൽക്കത്ത: എം.പിയും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്ക് ഇരയായ പാർട്ടി പ്രവർത്തകരെ കാണാനെത്തിയപ്പോൾ സൗത്ത് 24 പർഗാനാസിലെ സോനാപൂരിൽ വെച്ചായിരുന്നു സംഭവം. അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞു. അദ്ദേഹത്തിന്‍റെ ഷർട്ട് വലിച്ചുകീറി. പിന്നിൽ ബി.ജെ.പിയാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. ശക്തമായി അപലപിക്കുന്നുവെന്ന് കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പ്രതികരിച്ചു. ബം​ഗാൾ സർക്കാറും കേന്ദ്രസർക്കാറും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകന്‍റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിന് നേരെ തടിച്ചുകൂടിയ ജനക്കൂട്ടം 'ചോർ, ചോർ' (കള്ളൻ, കള്ളൻ) എന്ന് മുദ്രാവാക്യം വിളിച്ചു. ഒടുവിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ധരിക്കുന്ന ഹെൽമറ്റ് വച്ചാണ് അദ്ദേഹത്തെ ആൾക്കൂട്ടത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നത്.

അതേസമയം സംഭവത്തിന് പിന്നിൽ ഭരണകക്ഷിയാണെന്ന തൃണമൂൽ നേതാക്കളുടെ ആരോപണം ബി.ജെ.പി തള്ളി. മുട്ടയേറിലോ കയ്യേറ്റത്തിലോ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 15 വർഷമായി സംസ്ഥാനം തൃണമൂൽ എങ്ങനെയാണ് ഭരിച്ചതെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. അക്രമത്തിന് ഇരകളായ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് പോലീസും അധികൃതരുമാണ്. തൃണമൂലിന് യാതൊരു ധാർമ്മികമോ രാഷ്ട്രീയമോ ആയ അവകാശമില്ലെന്ന് ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ സമിക് ഭട്ടാചാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.