ചോദ്യപേപ്പർ ചോർച്ച തടയൽ നിയമഭേദഗതി മാത്രം പോരെന്ന് അഭിജിത് ദിപ്‌കെ; 'ഉദ്ദേശ്യം മാറിയില്ലെങ്കിൽ മാറ്റമുണ്ടാകില്ല'

ചോദ്യപേപ്പർ ചോർച്ച തടയൽ നിയമഭേദഗതി മാത്രം പോരെന്ന് അഭിജിത് ദിപ്‌കെ; 'ഉദ്ദേശ്യം മാറിയില്ലെങ്കിൽ മാറ്റമുണ്ടാകില്ല'


ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതി മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ഭരണകൂടത്തിന്റെ സമീപനത്തിലും ഉദ്ദേശ്യത്തിലും മാറ്റമുണ്ടാകണമെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രസിഡന്റ് അഭിജിത് ദിപ്‌കെ പറഞ്ഞു. ലോക്‌സഭ പാസാക്കിയ പൊതുപരീക്ഷകളിലെ ക്രമക്കേട് തടയൽ (ഭേദഗതി) ബില്ലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഛത്രപതി സംഭാജിനഗർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിച്ച ദിപ്‌കെ, രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഉദ്ദേശ്യത്തിൽ മാറ്റമുണ്ടാകാതെ യഥാർഥ മാറ്റം സംഭവിക്കില്ലെന്ന് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച കേസുകൾ പരിഗണിക്കാൻ രൂപീകരിച്ച അതിവേഗ കോടതിയുടെ ആദ്യ വിചാരണ തന്നെ സി.ബി.ഐ. അഭിഭാഷകന്റെ അസാന്നിധ്യം മൂലം മാറ്റിവെച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുപരീക്ഷകളിലെ ക്രമക്കേട് തടയുന്നതിനുള്ള ഭേദഗതി ബിൽ ബുധനാഴ്ച ലോക്‌സഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയ ശേഷമാണ് ബിൽ പാസാക്കിയത്. ഭേദഗതി പ്രകാരം ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് പരമാവധി 10 വർഷം തടവും 50 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികളും ഒന്നിലധികം സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ ജന്തർ മന്തറിൽ 36 ദിവസത്തെ സമരം നടത്തിയ ശേഷമാണ് ദിപ്‌കെ നാട്ടലേക്ക് മടങ്ങിയത്. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചെങ്കിലും അതുകൊണ്ട് ജനരോഷം അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

'വിദ്യാർഥികൾ ഭീകരവാദികളല്ല; രാജ്യത്തിന്റെ ഭാവിയാണ്. അവരുടെ ഭാവിയെ ഇങ്ങനെ തകർക്കാൻ അനുവദിക്കില്ല. ആവശ്യമായാൽ വീണ്ടും സമരം നടത്തും. അത് കഴിഞ്ഞതലേറെ ശക്തമായിരിക്കും,' എന്നും ദിപ്‌കെ മുന്നറിയിപ്പ് നൽകി.

ജൂലൈ 20ന് പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചുവെന്നും പല സംസ്ഥാനങ്ങളിലും വിദ്യാർഥികളുടെ വീടുകളിൽ പൊലീസ് എത്തി ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ദിപ്‌കെയുടെ ആരോപണം. സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം പ്രതഷേധം വീണ്ടും ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.