ന്യൂഡല്‍ഹി: നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് വഴിതെളിച്ച വ്യക്തിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് നടത്തിയ 'കോക്രോച്ച്' പരാമര്‍ശത്തെ ആസ്പദമാക്കി രൂപംകൊണ്ട ആക്ഷേപഹാസ്യ പ്രസ്ഥാനമായ സി ജെ പി സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത നേടിയതോടെയാണ് ദിപ്‌കെ ദേശീയ ശ്രദ്ധ നേടിയത്.
സര്‍ക്കാര്‍ പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ യുവജനങ്ങളുടെ പ്രതിഷേധമുഖമായി മാറിയ ദിപ്‌കെയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെയും പൊതുപ്രവര്‍ത്തകരുടെയും പിന്തുണ ലഭിച്ചു.
ആരാണ് അഭിജീത് ദിപ്‌കെ
മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ 30-കാരനായ അഭിജീത് ദിപ്‌കെ രാഷ്ട്രീയ ആശയവിനിമയ വിദഗ്ധനാണ്. ഡിജിറ്റല്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍, പൊതുജനാഭിപ്രായ രൂപീകരണം, ഓണ്‍ലൈന്‍ കാമ്പെയ്ന്‍ തന്ത്രങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
പൂനെയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ ദിപ്‌കെ പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. അടുത്തിടെയാണ് ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.
2020 മുതല്‍ 2023 വരെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ, തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച ദിപ്‌കെ, 2020-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മീം അധിഷ്ഠിത ഡിജിറ്റല്‍ പ്രചാരണങ്ങള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
കോക്രോച്ച് ജനതാ പാര്‍ട്ടി പ്രസ്ഥാനം
അമേരിക്കയില്‍ കഴിയുന്നതിനിടെയാണ് ദിപ്‌കെ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പ്രസ്ഥാനം ആരംഭിച്ചത്. തുടര്‍ന്ന് നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ വിദ്യാര്‍ഥി സമരത്തിന് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യവുമായി ആരംഭിച്ച സമരത്തിന് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും പിന്തുണ പ്രഖ്യാപിച്ച് 26 ദിവസത്തെ നിരാഹാര സമരം നടത്തി.
ജൂലൈ 20-ന് സി ജെ പി സംഘടിപ്പിച്ച 'ചലോ പാര്‍ലമെന്റ്' മാര്‍ച്ചോടെയാണ് സമരം നിര്‍ണായക ഘട്ടത്തിലെത്തിയത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടാകുകയും സ്ഥിതിഗതികള്‍ വഷളാകുകയും ചെയ്തു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രതിഷേധക്കാര്‍ക്കെതിരെ അമിത ബലപ്രയോഗവും നടത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധം ശക്തമായി.
ഡല്‍ഹിയില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സമാധാനപരമായ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ച സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നും സി ജെ പി വിശദീകരിച്ചു.
സര്‍ക്കാരിന് മുന്നില്‍ വെച്ച ആവശ്യങ്ങള്‍
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതില്‍ കുറഞ്ഞ ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സി ജെ പി. ഭരണകൂടവുമായി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമെ, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക, സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരായ എഫ് ഐ ആറുകളും നിയമനടപടികളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സി ജെ പി മുന്നോട്ടുവച്ചു. തുടര്‍ചര്‍ച്ച നടക്കാനിരിക്കെ ധര്‍മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.
