ന്യൂഡല്ഹി: തെരഞ്ഞെടുപ്പ് ക്രമക്കേടുകള് ആരോപിച്ച് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പുതിയ പ്രതിരോധ നടപടിയുടെ ഭാഗമായി അറസ്റ്റിലായ കോക്ക്രോച്ച് ജനതാ പാര്ട്ടി (സി ജെ പി) സ്ഥാപകന് അഭിജീത് ദിപ്കെ ശനിയാഴ്ച മോചിതനായി. ഉപാധികളോടെ മോചിപ്പിക്കാന് ഡല്ഹി കോടതി നിര്ദേശിച്ചതിനെ തുടര്ന്നാണ് നടപടി. സമാധാന ലംഘനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി ദിപ്കെയോട് വീണ്ടും സമാധാന ബോണ്ട് ഒപ്പിടാന് ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.
സി ജെ പിയുടെ നേതൃത്വത്തില് സംഘടിപ്പിച്ച 'ലഹ്റാ ദോ തിരംഗ' പ്രതിഷേധ മാര്ച്ചില് പങ്കെടുക്കാന് കണോട്ട് പ്ലേസിലേക്ക് പോകുന്നതിനിടെയാണ് വെള്ളിയാഴ്ച ദിപ്കെയെ കസ്റ്റഡിയിലെടുത്തത്. തുടര്ന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി എന് എസ് എസ്) 126, 170 വകുപ്പുകള് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കുകയായിരുന്നു.
മന്ദിര് മാര്ഗ് പൊലീസ് സ്റ്റേഷനില്നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ദിപ്കെ സമൂഹമാധ്യമമായ എക്സില് പ്രതികരണവുമായി രംഗത്തെത്തി. 22 വര്ഷം പാകിസ്താന് ജയിലില് കഴിഞ്ഞ് മോചിതനാകുന്ന 'വീര്-സാര' സിനിമയിലെ ഷാറൂഖ് ഖാന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പ്രതികരണം.
'വൈഫൈയും ഫോണും ഇല്ലാതെ 24 മണിക്കൂര് ജയിലില് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴുള്ള അനുഭവം,' എന്നായിരുന്നു ദിപ്കെയുടെ കുറിപ്പ്.
ഒക്ടോബര് 10ന് ഡല്ഹി വിമാനത്താവളത്തില്വെച്ച് ദിപ്കെയെ കസ്റ്റഡിയിലെടുത്ത സംഭവത്തിന് പിന്നാലെയാണ് പുതിയ നടപടി. അന്ന് ഒരു വര്ഷത്തേക്ക് സമാധാന ലംഘനം നടത്തില്ലെന്ന് ഉറപ്പുനല്കുന്ന ബോണ്ടില് ഒപ്പിടാന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ദേശീയ പതാക ഉയര്ത്താന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് കുറ്റകൃത്യമാകുന്നതെന്ന് ചോദിച്ച സി ജെ പിയുടെ നിയമകാര്യ വിഭാഗം മേധാവി രത്ന സിങ് പുതിയ അറസ്റ്റിനെ ചോദ്യം ചെയ്തു.
വെള്ളിയാഴ്ചത്തെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ആള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (എ ഐ എസ് എ) പ്രസിഡന്റ് നേഹ ബോറയും ശനിയാഴ്ച പുലര്ച്ചെ മോചിതയായി. ഡല്ഹി പൊലീസ് നിയമപ്രകാരമുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷമാണ് മോചനം.
പൊലീസ് നടപടി നിയമവിരുദ്ധമായ തടങ്കലാണെന്ന് ആരോപിച്ച ബോറ, വോട്ടര്പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ് ഐ ആര് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിയും അദ്ദേഹത്തെ ജയിലിലടയ്ക്കണമെന്നും അവര് ആവശ്യപ്പെട്ടു.
മണ്ഡി ഹൗസില്നിന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും പുലര്ച്ചെ അഞ്ചുമണി വരെ രാത്രി മുഴുവന് പൊലീസ് സ്റ്റേഷനില് പാര്പ്പിച്ചതായും എന്തിനാണ് പൊലീസ് ഇത്തരം നിയമവിരുദ്ധ തടങ്കലുകള് നടത്തുന്നതെന്നും ബോറ പി ടി ഐയോട് പറഞ്ഞു.
ക്രമസമാധാനം നിലനിര്ത്തുന്നതിനും ഗതാഗത തടസ്സങ്ങള് ഒഴിവാക്കുന്നതിനുമായി വെള്ളിയാഴ്ച ഏകദേശം 150 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കണോട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര് നിയന്ത്രണം ഏര്പ്പെടുത്തി. പ്രദേശത്ത് ദ്രുതകര്മസേനയെയും വിന്യസിച്ചിരുന്നു.
തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള് ആരോപിച്ച് പ്രതിപക്ഷ പാര്ട്ടികളും വിദ്യാര്ഥി സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് സംഭവവികാസങ്ങള്. ജന്തര് മന്തറില് അതിക്രമിച്ച് കടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില് സി ജെ പി പ്രവര്ത്തകരായ ആശുതോഷ് റങ്കയും സൗരവ് ദാസും ഇപ്പോഴും ജുഡീഷ്യല് കസ്റ്റഡിയിലാണ്.
