തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് തെരുവ് നായ്ക്കളുടെ കാവല്‍; നബദ്വീപില്‍ അത്ഭുതരക്ഷ

തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് തെരുവ് നായ്ക്കളുടെ കാവല്‍; നബദ്വീപില്‍ അത്ഭുതരക്ഷ


നബദ്വീപ് (പ.ബംഗാള്‍): പുലര്‍ച്ചെ കനത്ത തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ മരണമുനയില്‍ നിന്ന് അത്ഭുതകരമായി രക്ഷിച്ചത് ദയാവായ്പുള്ള മനുഷ്യരെപ്പോലെ സ്‌നേഹവും ജാഗ്രതയും കാട്ടിയ തെരുവ് നായ്ക്കളുടെ ഒരു കൂട്ടം.

നാട്യയിലെ നബദ്വീപ് റെയില്‍വേ തൊഴിലാളി കോളനിയിലെ ബാത്ത്‌റൂമിന് പുറത്തെ നിലത്ത് ആരോ ഉപേക്ഷിച്ച് കടന്ന ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനാണ് തെരുവുനായ്ക്കള്‍ രാത്രിമുഴുവന്‍ സുരക്ഷാ കവചമൊരുക്കിയത്.

രക്തം പുരണ്ട നിലയില്‍ നിലത്ത് കിടന്ന കുഞ്ഞിനുചുറ്റും വളഞ്ഞുനിന്ന  നായ്ക്കള്‍ കണ്ണിമയനക്കാതെ, പൂര്‍ണ്ണ ജാഗ്രതയോടെ നില്‍ക്കുകയും ആരെയും അടുക്കാന്‍ പോലും അനുവദിക്കുകയും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പുലരി വെളിച്ചത്തില്‍ ആദ്യം കുഞ്ഞിനെ കണ്ടത് കോളനിയിലെ താമസക്കാരിയായ ശുക്ല മോണ്ടലാണ്. 'ആ കാഴ്ച ഓര്‍ക്കുമ്പോള്‍ രോമാഞ്ചം തോന്നുന്നു. നായ്ക്കള്‍ കുഞ്ഞിനെ ആക്രമിച്ചില്ല, പേടിപ്പിച്ചതുമില്ല- ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കപ്പെടേണ്ടത് ആണെന്ന് അവര്‍ മനസ്സിലാക്കിയതുപോലെ' പെരുമാറിയെന്ന് അവള്‍ പറഞ്ഞു.

മറ്റൊരു നിവാസിയായ സുഭാഷ് പാല്‍ പുലര്‍ച്ചെ കേട്ട ചെറു കരച്ചില്‍ കുടുംബത്തിലെ കുട്ടിയുടേതാണെന്ന് കരുതിയത്രെ! ' മറ്റൊരു കുഞ്ഞ് പുറത്തു കിടക്കുകയാണെന്ന് കരുതിയില്ലെന്നും പറഞ്ഞു. നായ്ക്കള്‍ കാവല്‍ക്കാരെപ്പോലെയാണ് പെരുമാറിയെന്നും  അവന്‍ സാക്ഷ്യപ്പെടുത്തി.

ശുക്ല മോണ്ടല്‍ സാവധാനം അടുത്തപ്പോള്‍ മാത്രമാണ് നായ്ക്കള്‍ വലയം തുറന്ന് പിന്മാറിയത്. അവള്‍ തന്റെ ദുപ്പട്ടയില്‍ പൊതിഞ്ഞ് കുഞ്ഞിനെ ആദ്യം മഹേശ്ഗഞ്ച് ആശുപത്രിയിലേക്കും തുടര്‍ന്ന് കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി.

കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നും, തലയില്‍ കണ്ട രക്തം ജനനത്തിന്റെ ഭാഗം ആകാമെന്നും, പ്രസവത്തിന്  മിനിറ്റിനകം തന്നെ ഉപേക്ഷിക്കപ്പെട്ടതായിരിക്കാമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

കുഞ്ഞിനെ ഉപേക്ഷിച്ചത് നാട്ടില്‍ തന്നെയുള്ള ആരെങ്കിലും ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. നബദ്വീപ് പൊലീസ്, ചൈല്‍ഡ് ഹെല്‍പ്പ് അധികാരികള്‍ എന്നിവര്‍ അന്വേഷണം ആരംഭിച്ചു.

എന്നാല്‍ അന്വേഷണം നീങ്ങുന്നതിനിടെ പട്ടണത്തില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും അപൂര്‍വ്വമായ മുഖം കാട്ടിയ ആ തെരുവ് നായ്ക്കളുടെ ചിത്രം തന്നെയാണ്. നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിച്ചവരേക്കാള്‍ വലിയ മനുഷ്യത്വമാണ് നായ്ക്കള്‍ കാട്ടിയതെന്ന് ഒരു റെയില്‍വേ തൊഴിലാളി പറഞ്ഞു.

ശ്രീചൈതന്യ മഹാപ്രഭുവിന്റെ കരുണാമൂല്യങ്ങള്‍ തലമുറകളിലൂടെ വഴിമാറിയ നബദ്വീപില്‍ ഇത്തരം അത്ഭുതങ്ങള്‍ പുതുമയല്ലെന്നു മുതിര്‍ന്നവര്‍ പറയുന്നു. 'ആ കരുണയുടെ സ്പര്‍ശം ഇവരിലൂടെയായിരിക്കാം പ്രവര്‍ത്തിച്ചത്,' ഒരാള്‍ അഭിപ്രായപ്പെട്ടു.

സന്ധ്യയായപ്പോള്‍ കോളനിയിലെ കുട്ടികള്‍ ആ നാല്ക്കാലി രക്ഷകരെ ബിസ്‌ക്കറ്റുകള്‍ കൊടുത്ത് ആദരിച്ചു. 'കുഞ്ഞിനെ രക്ഷിച്ചത് ഇവരാണ്,' എന്ന് ഒരു കൗമാരക്കാരന്‍ ഒരു തവിട്ടുനായയുടെ തലയില്‍ തലോടിക്കൊണ്ട് പറഞ്ഞു.

വെറുപ്പിന്റെയും ഹിംസയുടെയും അഴുക്ക് നിറഞ്ഞ ഈ സമൂഹത്തില്‍, കഴിഞ്ഞ രാത്രിയുടെ ഈ അത്ഭുത രക്ഷാ കഥ ഇനിയും ഏറെക്കാലം മാഞ്ഞുപോകില്ല- മനുഷ്യത്വം പലപ്പോഴും ഏറ്റവും പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നാണ് എത്തുന്നതെന്ന് തെളിയിച്ച ഒരു ഓര്‍മ്മയായി അത് ഏറെക്കാലം നിലനില്‍ക്കും..