ചണ്ഡീഗഡ്: പഞ്ചാബിലെ 102 നഗരസഭകളിലേക്കും മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് (എഎപി) വൻ മുന്നേറ്റം. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക രാഷ്ട്രീയ പരീക്ഷണമായി കണക്കാക്കിയ തിരഞ്ഞെടുപ്പിൽ എഎപിയുടെ മേൽക്കൈ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറി. അതേസമയം ബിജെപി പല പ്രദേശങ്ങളിലും പിന്നിലായി അഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 63.94 ശതമാനമാണ് ആകെ പോളിംഗ്. 102 നഗരസഭകളിലായി 1,897 വാർഡുകളിലും 3,833 ബൂത്തുകളിലുമായി 22 ലക്ഷത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി. നഗര പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. കോൺഗ്രസ്, എഎപി, ബിജെപി, ശിരോമണി അകാലിദൾ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പരാതിയുയർന്നു. റായ്‌കോട്ടിൽ കോൺഗ്രസ് സ്ഥാനാർഥി ജഗ്‌ദേവ് സിങ് ജഗ്ഗയ്ക്ക് നേരെ ആക്രമണം നടന്നതും രാഷ്ട്രീയ വിവാദമായി. ഗുരുതരമായി പരക്കേറ്റ ജഗ്ഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൂത്ത് കയ്യേറ്റവും വ്യാജവോട്ടും ആരോപിച്ച് പല സ്ഥലങ്ങളിലും പ്രതിഷേധമുയർന്നു. മുക്ത്‌സറിലെ ഗിദ്ദർബഹയിൽ ആപ്പും അകാലിദളും തമ്മിൽ സംഘർഷമുണ്ടായപ്പോൾ പട്യാലയിലെ സമാനയിൽ കല്ലേറിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. അമൃത്സറിലെ മജിതയിലും സംഘർഷാവസ്ഥ തുടരുകയുണ്ടായി.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്, അകാലിദൾ നേതാവ് ബിക്രം മജീഥിയ എന്നിവർ ഭരണകക്ഷിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ ഭരണകക്ഷി ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ബൂത്ത് കയ്യേറ്റം നടന്നിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇതിനിടെ മൊഹാലിയിൽ വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിച്ചെന്ന ആരോപണവും ഉയർന്നു. ബാലറ്റ് പേപ്പറുകളിലും കൗണ്ടർ ഫോയിലുകളിലും ഒരേ സീരിയൽ നമ്പർ നൽകിയതിലൂടെ വോട്ടർമാരുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയാനാകുമെന്ന് മുൻ ഡെപ്യൂട്ടി മേയർ കുൽജീത് സിങ് ബേദി ആരോപിച്ചു. വിഷയത്തിൽ പുനർവോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
ഫലപ്രഖ്യാപനം പുരോഗമിക്കമ്പോൾ നഗര മേഖലകളിൽ എഎപിയുടെ ശക്തമായ സാന്നിധ്യം വീണ്ടും തെളിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പഞ്ചാബ് നഗരസഭാ തിരഞ്ഞെടുപ്പ്: എഎപിക്ക് വൻ മുന്നേറ്റം; ബിജെപി അഞ്ചാം സ്ഥാനത്ത്
