വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമാക്കിയ കുടിയേറ്റ നടപടികളുടെ ഭാഗമായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) തയ്യാറാക്കിയ 'വേർസ്റ്റ് ഓഫ് ദ വേർസ്റ്റ്' കുറ്റവാളി പട്ടികയിൽ 89 ഇന്ത്യക്കാരും ഉൾപ്പെട്ടതായി റിപ്പോർട്ട്. കൊലപാതകം, ലൈംഗിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങളിൽ കുറ്റക്കാരായി കണ്ടെത്തപ്പെട്ട ഏകദേശം 25,000 അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങളാണ് ഡിഎച്ച്എസ് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റും കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും അറസ്റ്റ് ചെയ്തവരുടെ പേര്, ചിത്രം, ദേശീയത, ചെയ്ത കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെട്ട ഡാറ്റാബേസാണ് wow.dhs.gov വഴി പുറത്തുവിട്ടത്. അമേരിക്കൻ സമൂഹത്തെ ഭീതിയിലാഴ്ത്തിയ 'അപകടകാരികളായ കുറ്റവാളികളെയാണ്' തെരുവുകളിൽനിന്ന് നീക്കുന്നതെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വാഗ്ദാനം ചെയ്തതുപോലെ അനധികൃത കുടിയേറ്റത്തിനെതിരായ കടുത്ത നടപടികളോടെയാണ് ട്രംപ് രണ്ടാം കാലാവധി ആരംഭിച്ചത്.
അധികാരമേറ്റ് ആദ്യദിനം തന്നെ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും 'ക്രിമിനൽ ഏലിയൻസിനെ' നാടുകടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. അതേസമയം, വിവിധ സംസ്ഥാനങ്ങളിലുണ്ടായ കുടിയേറ്റ റെയ്ഡുകൾ അക്രമാസക്തമായതോടെ ഡെമോക്രാറ്റുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയവൃത്തങ്ങളിൽ പ്രതിഷേധം ശക്തിപ്പെടുകയാണ്. ഐസ്, സിബിപി ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറയും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സെനറ്റ് ഡെമോക്രാറ്റുകൾ ഡിഎച്ച്എസ് ഫണ്ടിങ് തടഞ്ഞുവെച്ചിരിക്കുകയാണ്.
ട്രംപിന്റെ കുടിയേറ്റ വേട്ട: യുഎസിന്റെ 'വേർസ്റ്റ് ഓഫ് ദ വേർസ്റ്റ്' പട്ടികയിൽ 89 ഇന്ത്യക്കാർ
