ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്-ഉം തമ്മിലുള്ള ഉന്നതതല ചർച്ചകൾക്ക് പിന്നാലെ ഇന്ത്യ-ദക്ഷിണ കൊറിയ ബന്ധം പുതിയ തലത്തിലേക്ക് ഉയർന്നു. 2030ഓടെ ഇരുരാജ്യങ്ങളുടെയും വ്യാപാരം 50 ബില്യൺ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യമാണ് നേതാക്കൾ പ്രഖ്യാപിച്ചത്.
നിലവിൽ ഇരുരാജ്യങ്ങളുടെയും വ്യാപാരം 27 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണെന്ന് ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് കൂടുതൽ വർധിപ്പിക്കാൻ നിർണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ ഇടപാടുകൾ എളുപ്പമാക്കാൻ ഇന്ത്യ-കൊറിയ ഫിനാൻഷ്യൽ ഫോറം ആരംഭിച്ചു. വ്യവസായ സഹകരണത്തിന് ഇൻഡസ്ട്രിയൽ കോഓപ്പറേഷൻ കമ്മിറ്റിയും രൂപീകരിച്ചു. നിർണായക സാങ്കേതിക വിദ്യകളും സപ്ലൈ ചെയിനുകളും ശക്തിപ്പെടുത്താൻ ഇക്കണോമിക് സെക്യൂരിറ്റി ഡയലോഗ് ആരംഭിക്കും. കൊറിയൻ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശനം സുഗമമാക്കാൻ പ്രത്യേക ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകളും സ്ഥാപിക്കും. കൂടാതെ, അടുത്ത ഒരു വർഷത്തിനകം ഇന്ത്യ-കൊറിയ വ്യാപാര കരാർ നവീകരിക്കാനും തീരുമാനമായി.
ഡിജിറ്റൽ രംഗത്തും സഹകരണം വർധിപ്പിക്കുന്നതിനായി 'ഇന്ത്യ-കൊറിയ ഡിജിറ്റൽ ബ്രിഡ്ജ്' ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ, ഐ.ടി. മേഖലകളിൽ കൂടുതൽ കൂട്ടുകെട്ടുകൾ ലക്ഷ്യമിടുന്നു. കപ്പൽ നിർമ്മാണം, സ്റ്റീൽ, സുസ്ഥിരത, തുറമുഖ വികസനം തുടങ്ങിയ മേഖലകളിലും ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
ഇരുരാജ്യങ്ങളിലുമുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവെച്ചതായി പ്രസിഡന്റ് ലീ ജേ മ്യുങ് അറിയിച്ചു. ഇതോടെ ഇരുരാജ്യങ്ങളിലെയും പൗരന്മാർ പരസ്പരം സന്ദർശിക്കുമ്പോൾ സ്വന്തം രാജ്യത്തെ ക്യുആർ കോഡ് ഉപയോഗിച്ച് തന്നെ പണമടയ്ക്കാൻ സാധിക്കും.
ഈ സന്ദർശനം 'അത്യന്തം പ്രധാനപ്പെട്ടത്' ആണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളും വിപണിനിരൂപണവും നിയമാധിപത്യത്തിനുള്ള ബഹുമാനവും പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ദക്ഷിണ കൊറിയയും എന്നും അദ്ദേഹം പറഞ്ഞു. ഇൻഡോ-പസഫിക് മേഖലയിൽ ഇരുരാജ്യങ്ങൾക്കും സാമനമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്‌കാരിക ബന്ധവും ശക്തമാകുന്നതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കൊറിയൻ പോപ് സംഗീതത്തിനും ഡ്രാമകൾക്കും ഇന്ത്യയിൽ വലിയ സ്വീകാര്യതയുണ്ടെന്നും, ഇന്ത്യൻ സിനിമക്കും സംസ്‌കാരത്തിനും കൊറിയയിൽ അംഗീകാരം വർധിച്ചുവരുന്നതായും പറഞ്ഞു. ഈ ബന്ധം കൂടുതൽ ദൃഢമാക്കാൻ 2028ൽ ഇന്ത്യ-ദക്ഷിണ കൊറിയ സൗഹൃദോത്സവം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ-ദക്ഷിണ കൊറിയ ബന്ധം ശക്തം; 2030ഓടെ വ്യാപാരം 50 ബില്യൺ ഡോളറാക്കാൻ ലക്ഷ്യം
