ന്യൂഡൽഹി: റഷ്യയിലെ ബാഷ്‌കോർത്തോസ്ഥാനിലെ ഉഫ നഗരത്തിലെ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയോട് ചേർന്ന വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിലെ സ്‌പോർട്‌സ് ഹാളിൽ നടന്ന കത്തിക്കുത്ത് ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് പരുക്കേറ്റതായി മോസ്‌കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണവിവരം ലഭിച്ചതിന് പിന്നാലെ എംബസി അധികൃതർ റഷ്യൻ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പരുക്കേറ്റ വിദ്യാർഥികൾക്ക് സഹായം നൽകാനായി കസാനിലെ കോൺസുലേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥർ ഉഫയിലേക്ക് പുറപ്പെട്ടതായും എംബസി അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, കത്തിയുമായി എത്തിയ ഒരു കൗമാരക്കാരൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റത്. പിന്നീട് പ്രതി സ്വയം പരുക്കേൽപ്പിച്ചുവെന്നും റഷ്യൻ ആഭ്യന്തര മന്ത്രാലയ വക്താവ് ഇറീന വോൾക്ക് അറിയിച്ചു. ആക്രമണത്തിൽ രണ്ടുപേർ പങ്കെടുത്തിട്ടുണ്ടാകാമെന്ന സംശയവും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരുക്കേറ്റ 15 വയസ്സുകാരനായ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കൽ പഠനത്തിനായി നിരവധി ഇന്ത്യൻ വിദ്യാർഥികൾ റഷ്യയിലേക്ക് പോകുന്ന സാഹചര്യത്തിൽ നടന്ന ഈ സംഭവം ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
റഷ്യയിലെ കോളേജിൽ കത്തിക്കുത്ത് ആക്രമണം: നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് പരുക്ക്
