തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; 3 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ രാജിവെച്ച് വിജയ്‍യുടെ ടി.വി.കെയിൽ

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്;  3 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ രാജിവെച്ച് വിജയ്‍യുടെ ടി.വി.കെയിൽ


ചെന്നൈ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ എ.ഐ.എ.ഡി.എം.കെയ്ക്ക് പുതിയ തിരിച്ചടി. പാർട്ടിക്കുള്ളിലെ വിമത ചേരിയിൽ ഉറച്ചുനിന്നിരുന്ന മൂന്ന് എം.എൽ.എമാർ രാജിവെച്ച് വിജയ്‍യുടെ ടി.വി.കെയിൽ ചേർന്നു. ഈറോഡ് പെരുന്ധുരൈ എം.എൽ.എ എസ്. ജയകുമാർ, ചെങ്കൽപ്പേട്ട് മധുരാന്തകം എം.എൽ.എ മരഗതം കുമാരവേൽ, തിരുപ്പൂർ ധാരാപുരം എം.എൽ.എ പി. സത്യഭാമ എന്നിവരാണ് നിയമസഭാംഗത്വം രാജി വെച്ചത്. ഇവരുടെ രാജി സ്പീക്കർ അംഗീകരിച്ചു. തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിന് അനുകൂലമായി മുൻപ് വിശ്വാസ വോട്ട് രേഖപ്പെടുത്തിയവരാണ് ഈ മൂന്ന് പേരും. രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ടി.വി.കെ നേതാവും മന്ത്രിയുമായ ആധവ് അർജുനനുമായി ഇവർ കൂടിക്കാഴ്ച നടത്തി.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയ്ക്ക് 47 സീറ്റുകളാണ് ലഭിച്ചത്. മൂന്ന് പേർ പോയതോടെ 44 ആയി. അതിനിടെ, വിമതപക്ഷത്തുണ്ടായിരുന്ന അഞ്ച് എം.എൽ.എമാർ ഒടുവിൽ ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങാൻ തീരുമാനിച്ചു. ആർക്കോട്ട് സുകുമാർ, അന്തിയുർ ഹരി ഭാസ്‌കർ, പൺരുട്ടി മോഹൻ, ശങ്കരൻകോവിൽ ദിലീപൻ ജയശങ്കർ, കാങ്കേയം എൻ.എസ്.എൻ. നടരാജൻ എന്നിവരാണ് എടപ്പാടിയെ പിന്തുണച്ച് തിരിച്ചെത്തിയത്. ഇതോടെ ഇ.പി.എസ് പക്ഷത്തെ എം.എൽ.എമാരുടെ എണ്ണം 27 ആയി വർദ്ധിച്ചു. അതേസമയം കൊഴിഞ്ഞുപോക്ക് ശക്തമായ വിമതചേരിയിൽ ഇപ്പോൾ 17 എം.എൽ.എമാർ മാത്രമാണുള്ളത്.

ടി.വി.കെയുടെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിതമായ കുതിരക്കച്ചവടമാണ് നടക്കുന്നതെന്ന് എ.ഐ.എ.ഡി.എം.കെ വിമർശിച്ചു. സ്പീക്കർ ഔദ്യോഗികമായി രാജി സ്വീകരിക്കുന്നതിന് മുമ്പുതന്നെ എം.എൽ.എമാർക്ക് പാർട്ടി അംഗത്വം കൈമാറിയത് മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്ന് അവർ ആരോപിച്ചു. പുതിയ രാജിയിലൂടെ ഉയർന്നുവന്ന മൂന്ന് ഒഴിവുകൾക്ക് പുറമെ, മുഖ്യമന്ത്രി വിജയ് നേരത്തെ രാജിവെച്ച തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലും നിലവിൽ ജനപ്രതിനിധിയില്ല. ഇതോടെ തമിഴ്‌നാട്ടിലെ നാല് നിയമസഭാ മണ്ഡലങ്ങൾ ഒരേസമയം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.