ന്യൂഡല്‍ഹി: അനധികൃത ഓണ്‍ലൈന്‍ ബെറ്റിംഗിനും ചൂതാട്ടത്തിനുമെതിരായ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ 242 വെബ്സൈറ്റ് ലിങ്കുകള്‍ കൂടി ബ്ലോക്ക് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന അനധികൃത ബെറ്റിംഗ് ചൂതാട്ട പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എടുത്ത നടപടി 7,800 കടന്നതായി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഗെയിമിംഗ് ആക്ട് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ നടപടി ഗണ്യമായി വേഗത്തിലായതായും യുവാക്കളെ ലക്ഷ്യമിട്ട് ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ദോഷങ്ങള്‍ തടയുന്നതിലാണ് സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധയെന്നും അധികൃതര്‍ വ്യക്തമാക്കി.
2025 ഓഗസ്റ്റില്‍ പാര്‍ലമെന്റ് പാസാക്കിയ പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ആക്ട് 2025 നിലവില്‍ വന്നതിന്റെ തുടര്‍ച്ചയായാണ് ശക്തമായ നടപടി. ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയ്ക്കായി പ്രത്യേക നിയമചട്ടക്കൂട് രൂപപ്പെടുത്തുന്ന ഈ നിയമം ചില റിയല്‍മണി ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും അനധികൃത ചൂതാട്ട പ്രവര്‍ത്തനങ്ങളിലേക്കുള്ള മേല്‍നോട്ടം ശക്തമാക്കുകയും ചെയ്യുന്നു.
നിയമപ്രകാരം, നിരോധിതമായ ഓണ്‍ലൈന്‍ പണമടക്കമുള്ള ഗെയിമുകള്‍ നല്‍കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും. കൂടാതെ, അനധികൃത ഗെയിമിംഗ് സേവനങ്ങള്‍ നടത്തുന്ന പ്ലാറ്റ്ഫോമുകളെയും അവയ്ക്ക് പരസ്യം നല്‍കുന്നവര്‍ക്കെതിരെ അന്വേഷണം നടത്താനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. നിയന്ത്രണമില്ലാത്ത റിയല്‍മണി ഗെയിമിംഗ് ലഹരിയിലേക്കും വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്കും സാമൂഹിക സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നുവെന്ന ആശങ്ക സര്‍ക്കാര്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
വെബ്സൈറ്റ് ബ്ലോക്കിംഗ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. നിയമവിരുദ്ധമോ ഹാനികരമോ ആയ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ഐ ടി ആക്ടിലെ സെക്ഷന്‍ 69എ ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ഉപയോഗിച്ചത്. കൂടാതെ, ഐടി (ഇന്റര്‍മീഡിയറി ഗൈഡ്ലൈനുകളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂളുകള്‍, 2021 അനുസരിച്ച് ഇന്റര്‍നെറ്റ് സേവനദാതാക്കളോടും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളോടും ചൂതാട്ടവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പ്രവേശനം തടയാന്‍ നിര്‍ദേശം നല്‍കിയതായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു. പുതിയ ഗെയിമിംഗ് നിയമം കൂടുതല്‍ വ്യക്തമായ അധികാരം നല്‍കുന്നതിനാല്‍ വേഗതയേറിയതും വ്യാപകവുമായ നടപടികള്‍ക്ക് ഇത് വഴിയൊരുക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
