ന്യൂഡൽഹി: ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ 'ഗോമൂത്ര വിദഗ്ധൻ' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ രാജ്യത്തെ 215 വൈസ് ചാൻസലർമാരും മുൻ വൈസ് ചാൻസലർമാരും അക്കാദമിക് വിദഗ്ധരും രംഗത്ത്. പ്രിയങ്കയുടെ പരാമർശം ഒരു പ്രമുഖ ശാസ്ത്രജ്ഞന്റെ അക്കാദമിക മികവിനെ അപമാനിക്കുന്നതാണെന്നും അത് ശാസ്ത്രീയ സംവാദത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ തുറന്ന കത്ത് പുറത്തിറക്കിയത്.
പരിഹാസമോ രാഷ്ട്രീയ വിമർശനമോ എന്ന നിലയിലാണ് പരാമർശം നടത്തിയതെങ്കിലും, അത് ഒരാളെ മാത്രമല്ല, രാജ്യത്തെ മുഴുവൻ അക്കാദമിക് സമൂഹത്തെയും ബാധിക്കുന്നതാണെന്ന് കത്തിൽ പറയുന്നു. ശാസ്ത്രജ്ഞരെയും ഗവേഷകരെയും അവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതാണെന്നും വ്യക്തിപരമായ മുദ്രകുത്തലുകൾ ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പ്രൊഫ. കാമകോടി രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസിന്റെ ഡയറക്ടറാണെന്നും, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ എം.എസ്, പി.എച്ച്.ഡി ബിരുദങ്ങൾ നേടിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 150ലധികം ഗവേഷണ പ്രബന്ധങ്ങളും 50ലധികം ഗവേഷണവികസന പദ്ധതികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഡിആർഡിഒ അക്കാദമിക് എക്‌സലൻസ് അവാർഡ്, ഇന്ത്യൻ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷന്റെ ടെകനോ വിഷനറി അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ഇൻഡസ്ട്രി ഗ്രേഡ് മൈക്രോപ്രോസസർ വികസനത്തിനും അദ്ദേഹം നേതൃത്വം നൽകിയതായി കത്തിൽ എടുത്തുപറയുന്നു.
വിമർശനങ്ങൾ ആശയങ്ങളെയും തെളിവുകളെയും അടിസ്ഥാനമാക്കിയാകണമെന്നും, ശാസ്ത്രജ്ഞരെയും അധ്യാപകരെയും പരിഹാസപദങ്ങൾ ഉപയോഗിച്ച് അപമാനിക്കുന്നത് ജനാധിപത്യ സംവാദത്തിന് ഗുണകരമല്ലെന്നും അക്കാദമിക് വിദഗ്ധർ അഭിപ്രായപ്പെട്ടു. പാർലമെന്റ് ആശയങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വേദിയായിരിക്കണമെന്നും അഭിപ്രായവ്യത്യാസങ്ങൾ അന്തസ്സോടെ പ്രകടിപ്പിക്കണമെന്നും അവർ വ്യക്തമാക്കി.
ലോക്‌സഭയിൽ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമർശം. പരീക്ഷാ പരിഷ്‌കാരങ്ങൾക്കായി കേന്ദ്രം രൂപീകരിച്ച ഉന്നതതല സമിതിയെ വിമർശിച്ചുകൊണ്ട്, അതിൽ മുൻ ഐബി മേധാവിയും ഐടി കമ്പനി ഉടമയും 'ഗോമൂത്ര വിദഗ്ധനും' അംഗങ്ങളാണെന്നും വിദ്യാഭ്യാസത്തെക്കുറിച്ച് ഇവർക്ക് എന്തറിയാമെന്നുമാണ് അവർ ചോദിച്ചത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമർശം പ്രൊഫ. വി. കാമകോടിയെ ഉദ്ദേശിച്ചുള്ളതാണെന്നാണ് വ്യാപകമായി വിലയിരുത്തപ്പെട്ടത്.
'ഗോമൂത്ര വിദഗ്ധൻ' പരാമർശം: പ്രിയങ്ക ഗാന്ധിക്കെതിരെ 215 അക്കാദമിക് വിദഗ്ധരുടെ തുറന്ന കത്ത്
