ഖത്തർ വ്യോമപരിധി നിയന്ത്രണങ്ങൾക്കിടെ 1,600 ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി; പരിമിത സർവീസുകളോടെ ഖത്തർ എയർവേയ്‌സ്

ഖത്തർ വ്യോമപരിധി നിയന്ത്രണങ്ങൾക്കിടെ 1,600 ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി; പരിമിത സർവീസുകളോടെ ഖത്തർ എയർവേയ്‌സ്


ദോഹ : ഖത്തറിലെ വ്യോമപരിധി നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ഏകദേശം 1,600 ഇന്ത്യൻ പൗരന്മാർ അഞ്ചു വിമാനങ്ങളിലായി നാട്ടിലെത്തി. ചൊവ്വാഴ്ച ഖത്തർ എയർവേയ്‌സ് നടത്തിയ പ്രത്യേക സർവീസുകളിലൂടെയാണ് ഇവർ ഇന്ത്യയിലെത്തിയത് എന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഡൽഹിയിലേക്ക് രണ്ട് സർവീസുകളും, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും ഉൾപ്പെടെ ആകെ അഞ്ച് വിമാനങ്ങളാണ് സർവീസ് നടത്തിയതെന്ന് എംബസി സാമൂഹ്യമാധ്യമങ്ങളിൽ വ്യക്തമാക്കി.

ഖത്തറിന്റെ വ്യോമപരിധി ഇപ്പോഴും വ്യാപകമായി അടച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് നിലവിൽ പരിമിതവും നിശ്ചിതമല്ലാത്തതുമായ സർവീസുകളാണ് നടത്തുന്നത്. ബുധനാഴ്ച മുതൽ ഇന്ത്യയിലെ ഒൻപത് നഗരങ്ങളിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാർക്ക് ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ അധികൃത ട്രാവൽ ഏജന്റുമാർ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഇതിനിടെ സൗദി അറേബ്യ വഴിയായി കരമാർഗം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് താൽക്കാലിക ട്രാൻസിറ്റ് വിസ ലഭ്യമാക്കാൻ എംബസി സഹായം തുടരുന്നുണ്ടെന്നും അറിയിച്ചു. സൽവാ അതിർത്തി വഴി സൗദിയിലേക്ക് കടന്ന് പിന്നീട് ഇന്ത്യയിലേക്ക് മടങ്ങാനാണ് ഈ സൗകര്യം.

അടുത്ത ആഴ്ച മുഴുവൻ എംബസി പ്രവർത്തനക്ഷമമായിരിക്കും. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, കൺട്രോൾ റൂം, ഫോൺ, ഇമെയിൽ, വാട്‌സ്ആപ്പ് ഹെൽപ്‌ലൈൻ സേവനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.

ഖത്തറിൽ കഴിയുന്ന ഇന്ത്യൻ സമൂഹം പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു.