കണ്ടയ്‌നര്‍ ലോറി വിവാഹ സംഘം സഞ്ചരിച്ച ട്രക്കില്‍ ഇടിച്ചു കയറി 12 മരണം

കണ്ടയ്‌നര്‍ ലോറി വിവാഹ സംഘം സഞ്ചരിച്ച ട്രക്കില്‍ ഇടിച്ചു കയറി 12 മരണം


മുംബൈ: പാല്‍ഘറില്‍ മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. വിവാഹ സംഘം സഞ്ചരിക്കുകയായിരുന്ന ചെറിയ ട്രക്കിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. 

പാല്‍ഘര്‍ കാസ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമനുസരിച്ച് വിവാഹ സംഘത്തിലെ 40ലേറെ പേര്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

അമിതവേഗത്തില്‍ എത്തിയ കണ്ടെയ്‌നര്‍ ലോറി ശക്തമായി ഇടിച്ചുകയറിയതോടെ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് ദേശീയപാതയില്‍ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചെറിയ ട്രക്ക് പൂര്‍ണമായും തകര്‍ന്നു.

അപകടത്തിന് പിന്നാലെ നിരവധി പേര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു.

ഏകദേശം 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കാസ ഉപജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരക്കേറിയ മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. പിന്നീട് അധികൃതര്‍ വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമിതവേഗവും അശ്രദ്ധയും അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.