മുംബൈ: മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് വിഹിതം കുറയുന്നതിലും മറാത്തി മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിലും ഗുരുതര ആശങ്ക രേഖപ്പെടുത്തി സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് പ്രസന്ന ബി വരാളെ. നാസിക് കുംഭമേളയ്ക്കായി നീക്കിവച്ച തുകയുടെ ചെറിയൊരു ഭാഗം പോലും ഇത്തരം സ്‌കൂളുകള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കാമായിരുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ ഒരു ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാളെ. നാസിക് കുംഭമേളയ്ക്കായി അനുവദിച്ച തുകയുടെ വെറും 0.1 ശതമാനം ചെലവഴിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തെ അടച്ചുപൂട്ടിയ 100 മുതല്‍ 125 വരെ മറാത്തി മീഡിയം സ്‌കൂളുകള്‍ സംരക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞു.
കുംഭമേളയ്ക്കായി സര്‍ക്കാര്‍ 32,000 കോടി മുതല്‍ 34,000 കോടി രൂപ വരെയും വിവിധ കോറിഡോര്‍ പദ്ധതികള്‍ക്കായി 11,000 കോടി രൂപയുമാണ് അനുവദിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുംഭമേളയ്ക്കായി അനുവദിച്ച തുകയുടെ 0.1 ശതമാനം, അതായത് ഏകദേശം 32 കോടി രൂപ, ഉപയോഗിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ അടച്ചുപൂട്ടിയ 100 മുതല്‍ 125 വരെ മറാത്തി മീഡിയം സ്‌കൂളുകള്‍ സംരക്ഷിക്കാമായിരുന്നുവെന്നും ജസ്റ്റിസ് വരാളെ പറഞ്ഞു.
തന്റെ വ്യക്തിപരമായ അനുഭവവും അദ്ദേഹം പങ്കുവച്ചു. പത്താം ക്ലാസ് വരെ മുനിസിപ്പല്‍, ജില്ലാ പരിഷത്ത് മറാത്തി മീഡിയം സ്‌കൂളുകളിലാണ് പഠിച്ചതെന്ന് പറഞ്ഞു. പ്രാദേശിക ഭാഷയിലുള്ള സ്‌കൂളിലെ പഠനം തന്റെ കരിയറിന് ഒരു പരിമിതിയും സൃഷ്ടിച്ചില്ലെന്നും മറിച്ച് കാഴ്ചപ്പാട് വിശാലമാക്കാന്‍ സഹായിച്ചെന്നും വ്യക്തമാക്കി.
'എന്റെ ഹൃദയത്തിലുള്ള യഥാര്‍ഥ വികാരമാണ് ഞാന്‍ പ്രകടിപ്പിച്ചത്,' ജസ്റ്റിസ് വരാളെ പിന്നീട് എന്‍ ഡി ടി വിയോട് പറഞ്ഞു. 'കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ഓരോ പൗരന്റെയും അടിസ്ഥാന അവകാശങ്ങളാണ്,' അദ്ദേഹം പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ ഫണ്ട് സംബന്ധിച്ചും ജസ്റ്റിസ് വരാളെ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും വിദ്യാഭ്യാസ ബജറ്റ് വര്‍ധിക്കുന്നതിന് പകരം കുറയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം വര്‍ഷങ്ങളായി 13 ശതമാനം പോലും കടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളുടെ മോശം അവസ്ഥയിലും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. മതസ്ഥാപനവുമായി ബന്ധപ്പെട്ട ഒരു സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മൂന്ന് പെണ്‍കുട്ടികള്‍ നിലത്ത് കിടന്നുറങ്ങേണ്ടിവന്നതായും പാമ്പുകടിയേറ്റ് അവര്‍ മരിച്ചതായുമുള്ള ദാരുണ സംഭവവും അദ്ദേഹം പരാമര്‍ശിച്ചു.
ഇത്തരം സംഭവങ്ങളെ വന്‍കിട പരിപാടികള്‍ക്കും അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കുമായി അനുവദിക്കുന്ന വലിയ തുകയുമായി താരതമ്യം ചെയ്ത ജസ്റ്റിസ് വരാളെ, ആ ചെലവിന്റെ ഒരു ഭാഗം കുട്ടികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സ്‌കൂളുകളെ സംരക്ഷിക്കുന്നതിനും ഉപയോഗിക്കാമായിരുന്നില്ലേയെന്ന് ചോദിച്ചു. പ്രത്യേകിച്ച് ഗ്രാമീണ, മറാത്തി ഭാഷാ സമൂഹങ്ങളിലെ കുട്ടികള്‍ക്ക് സേവനം നല്‍കുന്ന സ്‌കൂളുകളുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും സൂചിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ധനവിനിയോഗം, മറാത്തി മീഡിയം സ്‌കൂളുകളുടെ ഭാവി, മഹാരാഷ്ട്രയിലെ വന്‍കിട പൊതുചെലവുകളുടെ മുന്‍ഗണനകള്‍ എന്നിവ സംബന്ധിച്ച വിശാലമായ ചര്‍ച്ചകള്‍ക്ക് ജസ്റ്റിസ് വരാളെയുടെ പരാമര്‍ശങ്ങള്‍ വഴിവെച്ചിട്ടുണ്ട്.
