കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാല്‍ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവര്‍ ഇന്ന് മാറിക്കഴിഞ്ഞു. കരളില്‍ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവര്‍ എന്ന് വിളിക്കുന്നത്. ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഇന്ന് ഫാറ്റി ലിവര്‍ ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കരളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ജീവനു തന്നെ ഭീഷണിയാണ്. മാറിയ ജീവിതചര്യകളും ഭക്ഷണരീതികളും ഉപാപചയ തകരാറുകളും ഫാറ്റി ലിവര്‍ രോഗം വര്‍ധിക്കാന്‍ ഇടയാക്കുന്നു.
മാറുന്ന രോഗാവസ്ഥയും ആധുനിക ജീവിതശൈലിയും
ഏകദേശം രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ ഫാറ്റി ലിവര്‍ പ്രധാനമായും മദ്യപാനികളിലാണ് കണ്ടുവന്നിരുന്നത് (ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍). എന്നാല്‍ ഇന്ന് മദ്യപിക്കാത്തവരിലും ഈ രോഗം വ്യാപകമാണ്. ഇതിനെ മെറ്റബോളിക് ഡിസ്ഫങ്ഷന്‍ അസോസിയേറ്റഡ് സ്റ്റീറ്റോറ്റിക് ലിവര്‍ ഡിസീസ് എന്ന് വിളിക്കുന്നു.
ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍ ഇവയാണ്:
ഭക്ഷണരീതിയിലെ മാറ്റങ്ങള്‍: വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പകരം ഹോട്ടല്‍ ഭക്ഷണവും ജങ്ക് ഫുഡും ദിനചര്യയുടെ ഭാഗമായി മാറിയത് കലോറി അമിതമാകാന്‍ കാരണമാകുന്നു. കൊഴുപ്പും മധുരവും ഉപ്പും കൂടിയ ഭക്ഷണങ്ങള്‍ കരളില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കുന്നു.
വ്യായാമമില്ലായ്മ: യാത്രാസൗകര്യങ്ങള്‍ വര്‍ധിച്ചതും ജോലിയുടെ ഭാഗമായി ദീര്‍ഘനേരം ഇരിക്കുന്നതും ശാരീരിക അധ്വാനം കുറയാന്‍ കാരണമായി. ഭക്ഷണത്തിലൂടെ ലഭിക്കുന്ന അധിക ഊര്‍ജ്ജം എരിച്ചു കളയാത്തതിനാല്‍ അത് കൊഴുപ്പായി കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു.
ഡിജിറ്റല്‍ യുഗവും കുട്ടികളും: കളിക്കളങ്ങളില്‍ നിന്നും കുട്ടികളെ മൊബൈല്‍ ഫോണുകളും ടി വിയും അകറ്റിയിരിക്കുന്നു. ഇത് ചെറിയ പ്രായത്തില്‍ തന്നെ അമിതവണ്ണത്തിലേക്കും ഫാറ്റി ലിവറിലേക്കും നയിക്കുന്നു.
മാനസിക സമ്മര്‍ദ്ദം: പിരിമുറുക്കവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും ആന്തരികാവയവങ്ങളില്‍ കൊഴുപ്പടിയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
സ്ത്രീകളിലെ പ്രത്യേക സാഹചര്യം
വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ഭക്ഷണശീലവും സ്ത്രീകളിലും ഫാറ്റി ലിവര്‍ വര്‍ധിപ്പിക്കുന്നു. അടുക്കള ജോലികള്‍ വ്യായാമമായി കണക്കാക്കാന്‍ കഴിയില്ല. ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്ന രീതിയിലുള്ള അധ്വാനമാണ് കരളിന്റെ ആരോഗ്യത്തിന് ആവശ്യം. കൂടാതെ, ഹോര്‍മോണ്‍ തകരാറുകള്‍, പി സി ഒ ഡി എന്നിവയുള്ളവരിലും ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്.
പരിശോധനകളും സങ്കീര്‍ണ്ണതകളും
ഫാറ്റി ലിവര്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല. എന്നാല്‍ ഇത് ക്രമേണ കരളില്‍ വീക്കമുണ്ടാക്കുകയും പിന്നീട് സിറോസിസ് എന്ന മാരകാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. ഹൃദയാഘാതം, വിവിധതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്കും ഫാറ്റി ലിവര്‍ കാരണമാകാം. എല്‍ എഫ് ടി എന്ന രക്തപരിശോധനയിലൂടെ കരളിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാം. അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഫൈബ്രോ സ്‌കാന്‍ എന്നിവ രോഗത്തിന്റെ തീവ്രത അറിയാന്‍ സഹായിക്കും.
പരിഹാരമാര്‍ഗ്ഗങ്ങള്‍: ജീവിതശൈലിയിലെ മാറ്റം
ഫാറ്റി ലിവര്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയാണ്.
1. വ്യായാമം: ദിവസവും 30- 40 മിനിറ്റ് വേഗത്തില്‍ നടക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
2. ഭക്ഷണ നിയന്ത്രണം: നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എണ്ണയില്‍ വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ചുവന്ന മാംസത്തിന് പകരം ലീന്‍ മീറ്റ് (ചിക്കന്‍, മത്സ്യം) ഉപയോഗിക്കാം.
3. ഭാരം കുറയ്ക്കുക: ആഴ്ചയില്‍ ഒരു കിലോ എന്ന തോതില്‍ ക്രമമായി ശരീരഭാരം കുറയ്ക്കുന്നത് ഉചിതമാണ്. പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് കരളിന് ദോഷം ചെയ്യും.
4. ലഹരി വര്‍ജ്ജനം: മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
നമ്മുടെ ആരോഗ്യത്തിന്റെ യഥാര്‍ഥ കാവല്‍ക്കാരനായ കരളിനെ സംരക്ഷിക്കുക എന്നത് ഒരു ഏകദിന ദൗത്യമല്ല. ഈ വര്‍ഷത്തെ ലോക കരള്‍ ദിന സന്ദേശമായ 'സ്ഥിരമായ ശീലങ്ങള്‍, കരുത്തുറ്റ കരള്‍' അര്‍ഥമാക്കുന്നത് നാം നിത്യജീവിതത്തില്‍ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങള്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരളിന് വലിയ കരുത്ത് നല്‍കുമെന്നാണ്. ഫാറ്റി ലിവര്‍ എന്ന നിശ്ശബ്ദ കൊലയാളിയെ പടിവാതിലിന് പുറത്തുനിര്‍ത്താന്‍ വ്യായാമം ശീലമാക്കുക, ഭക്ഷണക്രമത്തിലെ ചിട്ടകള്‍, ആരോഗ്യകരമായ ജീവിതശൈലി, കൃത്യമായ പരിശോധനകള്‍ പോലുള്ള ശീലങ്ങള്‍ നമുക്ക് ജീവിതചര്യയുടെ ഭാഗമാക്കാം. അമിതവണ്ണമുള്ളവരും പ്രമേഹരോഗികളും കൃത്യമായ ഇടവേളകളില്‍ ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
നാം ഇന്ന് മാറ്റിവെക്കുന്ന 30 മിനിറ്റും ഭക്ഷണത്തില്‍ വരുത്തുന്ന ചെറിയ നിയന്ത്രണങ്ങളും നാളത്തെ വലിയൊരു ആരോഗ്യപ്രശ്‌നത്തില്‍ നിന്നുള്ള ഇന്‍ഷുറന്‍സാണ്. 'സ്ഥിരമായ ശീലങ്ങളിലൂടെ' നമുക്ക് നമ്മുടെ കരളിനെ കരുത്തുറ്റതാക്കാം; ആരോഗ്യപൂര്‍ണ്ണമായ ഒരു ഭാവി കെട്ടിപ്പടുക്കാം.
