കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയം

കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയം


കൊച്ചി: മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) മത്സരിക്കുന്ന ഇന്ത്യന്‍ ചിത്രം ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. 1994ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുമ്പ് ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം.


പായല്‍ കപാഡിയ ആണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാള സിനിമക്കും അഭിമാനിക്കാന്‍ സാധിക്കുന്ന  നിമിഷം കൂടിയാണ് ഈ സെലക്ഷന്‍. 


വിവിധ ഫിലിം അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹൃദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഓള്, വഴക്ക്, ദി നോഷന്‍, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങളിലൂടെയും കനി ശ്രദ്ധേയയാണ്. 


ടേക്ക് ഓഫ്, മാലിക്, അറിയിപ്പ്, ഫാമിലി, തമാശ, കമ്മാര സംഭവം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ദിവ്യ പ്രഭ പ്രേക്ഷക പ്രശംസ നേടിയിട്ടുള്ളത്. ക്രാഷ് കോഴ്‌സ് എന്ന വെബ്സീരിസിലെ പ്രകടനവും മുംബൈക്കാര്‍ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം, തഗ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലെ പ്രകടനങ്ങള്‍ക്കൊപ്പം ഓഡിഷനിലെ മികവും കൊണ്ടാണ് ഓള്‍ വീ ഇമേജിന് ആസ് ലൈറ്റിലേക്കു സംവിധായകയും ഇന്‍ഡോ-ഫ്രഞ്ച് നിര്‍മ്മാതാക്കളും ഹൃദു ഹാറൂണിനെ തെരഞ്ഞെടുത്തത്. മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് ഹൃദു ഹാറൂണിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. 


ഇന്ത്യയുടെ ചോക്ക് ആന്‍ഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനര്‍ പെറ്റിറ്റ് ചാവോസും സഹകരിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്സുമാര്‍ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകള്‍ക്കപ്പുറത്തേക്ക് നയിക്കുമ്പോള്‍ ആ രാജ്യത്തില്‍ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.