പൊലീസായി വീണ്ടും ഷെയ്ന്‍ നിഗമെത്തുന്നു

പൊലീസായി വീണ്ടും ഷെയ്ന്‍ നിഗമെത്തുന്നു


കൊച്ചി: ഷെയ്ന്‍ നിഗം വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു. നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന 'ദൃഢം' ആണ് വിജയ് രാധാകൃഷ്ണനെന്ന സബ് ഇന്‍സ്‌പെക്ടറായി ഷെയ്ന്‍ നിഗത്തെ അവതരിപ്പിക്കുന്നത്. മെയ് എട്ടിന് തിയേറ്ററുകളില്‍ എത്തുന്ന സിനിമ ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, ബെഡ് ടൈം സ്റ്റോറീസ് ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോമോന്‍ ജോണും ലിന്റോ ദേവസ്യയുമാണ്. 

കുഴിനിലം എന്ന നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്ണന്‍ എന്ന പുതിയ എസ് ഐ ചാര്‍ജ്ജെടുക്കുന്നതും താന്‍ ഏറെ ആഗ്രഹിച്ച ജോലിയില്‍ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനില്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. 

പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും വിനായക് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്.