ലണ്ടന്‍: ലോകപ്രശസ്ത ചാരനായ ജെയിംസ് ബോണ്ടിന് പുതിയ മുഖം. ഡാനിയല്‍ ക്രെയ്ഗിന് പകരക്കാരനായി ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണെ അടുത്ത ജെയിംസ് ബോണ്ടായി പ്രഖ്യാപിച്ചു. 2021ല്‍ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ'യിലാണ് ഡാനിയല്‍ ക്രെയ്ഗ് അവസാനമായി 007 ആയി വേഷമിട്ടത്. ഔദ്യോഗിക ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏഴാമത്തെ നടനാണ് പാറ്റിന്‍സണ്‍.
സിനിമാ പരമ്പരയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകളിലെ പഴയ പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നു. പകരം 'ഐഡന്റിറ്റി സ്ഥിരീകരിച്ചു' എന്ന ദുരൂഹമായ സന്ദേശമാണ് പ്രത്യക്ഷപ്പെട്ടത്.
പിന്നാലെ ബോണ്ടിന്റെ പതിവ് സ്‌റ്റൈലിലുള്ള ടക്‌സീഡോ ധരിച്ച പാറ്റിന്‍സണിന്റെ ആദ്യ ചിത്രവും സ്റ്റുഡിയോ പുറത്തുവിട്ടു. സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിലൊന്നിന് പുതിയൊരു കാലഘട്ടത്തിന് തുടക്കമിടുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
പുതിയ ദൗത്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് റോബര്‍ട്ട് പാറ്റിന്‍സണ്‍ പ്രതികരിച്ചു. ആമസോണ്‍ എം ജി എം സ്റ്റുഡിയോസ് പുറത്തുവിട്ട പ്രസ്താവനയില്‍ 'സിനിമാ ലോകത്തെ ഏറ്റവും ഇതിഹാസതുല്യമായ കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് ബോണ്ട്. 007 ആയി അഭിനയിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. എന്നില്‍ വിശ്വാസമര്‍പ്പിച്ച ഡെനിസ് വില്ലനേവിനോടും നിര്‍മാതാക്കളായ ആമി പാസ്‌കല്‍, ഡേവിഡ് ഹെയ്മാന്‍ എന്നിവരോടും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ താന്യ ലാപോന്തിനോടും ആമസോണ്‍ എം ജി എം സ്റ്റുഡിയോസിനോടും നന്ദിയുണ്ട്. സ്വപ്‌നം യാഥാര്‍ഥ്യമായെന്ന് പറയുന്നതുപോലും ഈ അവസരത്തിന് മതിയായ വിശേഷണമല്ല. ഈ മികച്ച സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ ആവേശമുണ്ട്' എന്നാണ് പാറ്റിന്‍സണ്‍ പറഞ്ഞത്.
സംവിധായകന്‍ ഡെനിസ് വില്ലനേവും പാറ്റിന്‍സണെ സ്വാഗതം ചെയ്തു. 'ഈ യാത്രയില്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന പ്രതിഭാധനരായ അഭിനേതാക്കളോട് ആദ്യം നന്ദി അറിയിക്കുന്നു. അസാധാരണമായ കഴിവുള്ള നിരവധി പേരുണ്ടെങ്കിലും 007 ഒരാള്‍ മാത്രമേയുള്ളൂ. പുതിയ ജെയിംസ് ബോണ്ടായി റോബര്‍ട്ട് പാറ്റിന്‍സണെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. 007ന്റെ കാലാതീതമായ വ്യക്തിത്വം അദ്ദേഹത്തിലുണ്ട്. അതോടൊപ്പം തികച്ചും പുതിയൊരു ഊര്‍ജവും അദ്ദേഹം കൊണ്ടുവരുന്നു. ചിത്രീകരണം ആരംഭിക്കാന്‍ കാത്തിരിക്കാനാവുന്നില്ല'- വില്ലനേവ് വ്യക്തമാക്കി.
പാറ്റിന്‍സണിന്റെ തെരഞ്ഞെടുപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് നിര്‍മാതാവ് ആമി പാസ്‌കലും പറഞ്ഞു. 'സാഹിത്യത്തിലും സിനിമയിലും ഏറ്റവുമധികം ആരാധകരുള്ളതും പ്രചോദനമാകുന്നതും നിഗൂഢത നിലനിര്‍ത്തുന്നതുമായ കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് ബോണ്ട്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം റോബര്‍ട്ട് പാറ്റിന്‍സണിന്റെ കൈകളില്‍ സുരക്ഷിതമാണ്. അഭിനയത്തിലെ ധൈര്യവും സ്വയം പരിഹസിക്കാനുള്ള നര്‍മബോധവും ഓരോ ഘട്ടത്തിലും പുതിയ രൂപത്തില്‍ സ്വയം അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തെ ഈ കാലഘട്ടത്തിലെ മികച്ച ബോണ്ടാക്കി മാറ്റുന്നു'- അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപനത്തിന് മുമ്പ് ജോഷ് ഒ'കോണര്‍, കാലം ടര്‍ണര്‍, ജാക്ക് ലോഡന്‍, നിക്കോളാസ് ഹോള്‍ട്ട്, ജേക്കബ് എലോര്‍ഡി, ഹെന്റി കാവില്‍, ഡാംസണ്‍ ഇഡ്രിസ് തുടങ്ങി നിരവധി താരങ്ങളുടെ പേരുകള്‍ ബോണ്ട് വേഷത്തിനായി ഉയര്‍ന്നുകേട്ടിരുന്നു.
പുതിയ ചിത്രം ജെയിംസ് ബോണ്ട് ഔദ്യോഗിക ചലച്ചിത്ര പരമ്പരയിലെ 26-ാമത്തെ ചിത്രമായിരിക്കും. എന്നാല്‍ ചിത്രത്തിന്റെ പേരോ റിലീസ് തിയ്യതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
'ഡ്യൂണ്‍' സിനിമകള്‍, 'ബ്ലേഡ് റണ്ണര്‍ 2049' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡെനിസ് വില്ലനേവാണ് സംവിധാനം നിര്‍വഹിക്കുന്നത്. 'പീക്കി ബ്ലൈന്‍ഡേഴ്‌സ്' എന്ന ജനപ്രിയ പരമ്പരയുടെ സ്രഷ്ടാവ് സ്റ്റീവന്‍ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്. ഡേവിഡ് ഹെയ്മാനും ആമി പാസ്‌കലും നിര്‍മാതാക്കളായും താന്യ ലാപോന്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കും.
ആറ് പതിറ്റാണ്ടിലേറെ നീണ്ട ബോണ്ട് സിനിമാ ചരിത്രത്തില്‍ ആറു നടന്മാരാണ് ഔദ്യോഗിക പരമ്പരയില്‍ ഇതുവരെ 007 ആയി വേഷമിട്ടത്.
1962ല്‍ പുറത്തിറങ്ങിയ 'ഡോ. നോ'യിലൂടെ ഷോണ്‍ കോണറിയാണ് ആദ്യമായി ജെയിംസ് ബോണ്ടായി എത്തിയത്. 1969ല്‍ 'ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വീസ്' എന്ന ചിത്രത്തില്‍ ജോര്‍ജ് ലേസന്‍ബി ബോണ്ടായി. തുടര്‍ന്ന് 1973 മുതല്‍ 1985 വരെ ഏഴു ചിത്രങ്ങളില്‍ റോജര്‍ മൂര്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു.
പിന്നീട് തിമോത്തി ഡാള്‍ട്ടണ്‍ രണ്ടു ചിത്രങ്ങളില്‍ ബോണ്ടായി വേഷമിട്ടു. 1995 മുതല്‍ 2002 വരെ നാലു ചിത്രങ്ങളില്‍ പിയേഴ്‌സ് ബ്രോസ്‌നന്‍ 007 ആയി എത്തി. 2006ല്‍ 'കാസിനോ റോയല്‍' എന്ന ചിത്രത്തിലൂടെ ഡാനിയല്‍ ക്രെയ്ഗ് ആറാമത്തെ ഔദ്യോഗിക ബോണ്ടായി അരങ്ങേറ്റം കുറിച്ചു. 2021ലെ 'നോ ടൈം ടു ഡൈ'യോടെ അദ്ദേഹത്തിന്റെ ബോണ്ട് കാലഘട്ടത്തിന് വിരാമമായി.
ഔദ്യോഗിക പരമ്പരയ്ക്ക് പുറത്തും ജെയിംസ് ബോണ്ട് കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1967ല്‍ പുറത്തിറങ്ങിയ 'കാസിനോ റോയല്‍' എന്ന ചിത്രത്തില്‍ ഡേവിഡ് നിവെന്‍ ബോണ്ടായി വേഷമിട്ടു. 1983ല്‍ പുറത്തിറങ്ങിയ അനൗദ്യോഗിക ചിത്രമായ 'നെവര്‍ സേ നെവര്‍ എഗെയ്ന്‍' എന്ന സിനിമയില്‍ ഷോണ്‍ കോണറി വീണ്ടും ബോണ്ടായി തിരിച്ചെത്തുകയും ചെയ്തു.
