മാക്‌സ് മൊറാണ്ടോയ്ക്ക് ജീവിതപങ്കാളിയായി മൈലി സൈറസ്; വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് താരം

മാക്‌സ് മൊറാണ്ടോയ്ക്ക് ജീവിതപങ്കാളിയായി മൈലി സൈറസ്; വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് താരം


ലോസ് ആഞ്ചലസ്: അമേരിക്കന്‍ ഗായികയും ഗ്രാമി പുരസ്‌കാര ജേതാവുമായ മൈലി സൈറസ് സംഗീതജ്ഞന്‍ മാക്‌സ് മൊറാണ്ടോയെ വിവാഹം കഴിച്ചു. കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്‌സില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ ഇരുവരുടെയും മനോഹരമായ ചിത്രങ്ങള്‍ മൈലി സൈറസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

നവംബര്‍ 21നായിരുന്നു വിവാഹമെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയ കുറിപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച പങ്കുവെച്ച നാലു ചിത്രങ്ങളില്‍ വിവാഹവേഷത്തില്‍ ഇരുവരും സന്തോഷത്തോടെ നില്‍ക്കുന്ന ദൃശ്യങ്ങളുണ്ട്. മാക്‌സ് മൈലിയുടെ കവിളില്‍ ചുംബിക്കുന്നതും വിവാഹച്ചടങ്ങിനുശേഷം ഇരുവരും പരസ്പരം ചുംബിച്ചുകൊണ്ട് മുന്നോട്ടുനടക്കുന്നതും ചിത്രങ്ങളില്‍ കാണാം. ദമ്പതികളുടെ വളര്‍ത്തുനായയും ഒരു ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 'എം + എം, 11.21.26' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോസ് വില്ലയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ആന്തണി വക്കറെല്ലോ സെന്റ് ലോറന്റിനുവേണ്ടി രൂപകല്‍പ്പന ചെയ്ത നീളന്‍ കൈകളുള്ള സില്‍ക്ക് ഗൗണാണ് മൈലി വിവാഹത്തിനായി തിരഞ്ഞെടുത്തത്. പുറംഭാഗം തുറന്ന രീതിയിലുള്ള വസ്ത്രത്തിന് നീണ്ട ട്രെയിനും ഉണ്ടായിരുന്നു. ചോപാര്‍ഡിന്റെ ആഭരണങ്ങളും സില്‍ക്ക് പാദരക്ഷകളും അണിഞ്ഞാണ് താരം വിവാഹവേദിയിലെത്തിയത്.

മാക്‌സ് മൊറാണ്ടോ കറുത്ത സെന്റ് ലോറന്റ് ടക്‌സീഡോയാണ് ധരിച്ചത്. റോക്ക് ബാന്‍ഡായ ലില്ലിയിലെ ഡ്രമ്മറായ മാക്‌സ് കറുത്ത സണ്‍ഗ്ലാസും അണിഞ്ഞിരുന്നു.

പാം സ്പ്രിങ്‌സിലെ സ്വകാര്യ വസതിയില്‍ നീന്തല്‍ക്കുളത്തിന് സമീപമായിരുന്നു വിവാഹച്ചടങ്ങ്. വെളുത്ത റോസാപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച പുഷ്പകമാനമായിരുന്നു ചടങ്ങിന്റെ പ്രധാന പശ്ചാത്തലം. ലളിതവും സ്വകാര്യവുമായ ചടങ്ങില്‍ ഇരുവരും വിവാഹവാഗ്ദാനങ്ങള്‍ കൈമാറി. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരുടെ അഭിനന്ദനങ്ങളും ആശംസകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.